ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 33പേർ കൊല്ലപ്പെട്ടു, ഇസ്രയേൽ നടപടി ശരിവച്ച് ട്രംപ്

Wednesday 29 October 2025 10:16 AM IST

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 33പേർ കൊല്ലപ്പെട്ടു. യുഎസ് മദ്ധ്യസ്ഥതയിൽ ഒക്‌ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇന്നലെ ഗാസയിൽ ഇസ്രയേൽ സൈനികരെ ആക്രമിച്ചതായും മൃതദേഹങ്ങൾ തിരികെ നൽകുന്നതിലെ നിബന്ധനകൾ ലംഘിച്ചതായും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാൽ, ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും വെടിനിർത്തൽ കരാറിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുമാണ് ഹമാസ് അവകാശപ്പെടുന്നത്.

യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി. പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു. ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയതുകൊണ്ടാണ് അവർ തിരിച്ചടിച്ചതെന്നും അവർ തിരിച്ചടിക്കണമെന്നും ട്രംപ് പറഞ്ഞു. ആക്രമണം വെടിനിർത്തിലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

തെക്കൻ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രയേലി സൈനികർക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ചായിരുന്നു വ്യോമാക്രമണം. യുഎസിന്റെ മദ്ധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും അംഗീകരിച്ച് പ്രാബല്യത്തിലായ ഗാസാസമാധാന പദ്ധതിയുടെ ഭാവി തുലാസിലാക്കുന്നതാണ് പുതിയ സംഭവങ്ങൾ. 13 ബന്ദികളുടെ ഭൗതികാവശിഷ്‌ടങ്ങളാണ് ഹമാസ് വിട്ടുനൽകാനുള്ളത്. ഹമാസ് കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്‌ടോബർ 19ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ട്രംപ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.