പുകയുമില്ല കാതടപ്പിക്കുന്ന ശബ്ദവുമില്ല; വെറും വെളളം മാത്രം പുറത്തുവിടും, ഡീസലില്ലാതെ ഓടുന്ന ബസുകളുടെ വില

Wednesday 29 October 2025 10:54 AM IST

ന്യൂഡൽഹി: പ്രകൃതി സൗഹൃദ പൊതുഗതാഗതം ഇന്ത്യയിൽ സജീവമാക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനും ഭീമൻ വാഹനക്കമ്പനിയുമായ ടാ​റ്റാ മോട്ടോർസും സഹകരിച്ചാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഡീസലിന്റെയോ ഇലക്ട്രിക് ചാർജിംഗിന്റെയോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ബസുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകളിലൂടെയായിരിക്കും ഈ വാഹനങ്ങൾ പ്രവർത്തിക്കുക. അതായത് ഹൈഡ്രജനെ വൈദ്യുതിയാക്കി വാഹനത്തിന് പ്രവർത്തിക്കാനുളള പവർ നൽകുന്നു.

ഇത്തരം ബസുകളിൽ നിന്ന് പ്രകൃതിക്ക് ദോഷകരമായ രീതിയിൽ പുകയോ വിഷകരമായ വാതകങ്ങളോ പുറന്തള്ളുന്നില്ലയെന്നതാണ് പ്രത്യേകത. പകരം ശുദ്ധമായ ജലം നീരാവി രൂപത്തിൽ മാത്രമാണ് ബസ് പുറന്തളളുക. ഇവ പ്രവർത്തിക്കുമ്പോൾ ശബ്ദമലിനീകരണവും ഉണ്ടാകുന്നില്ല. ഇതിലൂടെ സുഗമമായ ഗതാഗതം സാദ്ധ്യമാകും. കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുളള ഒരു കണ്ടന്റ് ക്രിയേ​റ്റർ ഹൈഡ്രജൻ ബസിന്റെ വീഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ടാ​റ്റാ മോട്ടോർസിന്റെ ഹൈഡ്രജൻ ബസിന്റെ ചിത്രങ്ങളും അവ എങ്ങനെയാണ് പ്രർത്തിക്കുന്നതുമെന്നുളള കാര്യങ്ങളാണ് യുവാവ് വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്.

ഒരു ബസിന് ഒന്നരക്കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് വിവരം. നിലവിലെ കണക്കുപ്രകാരം ഒരു കിലോഗ്രാം ഹൈഡ്രജൻ ഉൽപാദിപ്പിക്കണമെങ്കിൽ ശരാശരി 140 രൂപ ചെലവുണ്ട്. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. ബസുകളാകുമ്പോൾ ഈ ദൂരം പിന്നെയും കുറയും. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും ചെലവേറെയാണ്. മാത്രമല്ല, സുരക്ഷിതമായ ചാർജിംഗ് സ്റ്റേഷനുകൾക്കും ചെലവുണ്ട്.