നെടുമങ്ങാട് സംഘർഷം; ഡിവൈഎഫ്‌ഐ ആംബുലൻസ് കത്തിച്ച കേസിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

Wednesday 29 October 2025 12:57 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അൽത്താഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 10.30ഓടെയണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഘർഷത്തിനിടെ മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. റഫീഖ്, നിസാം, സമദ് എന്നിവർക്കെതിരെയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആദ്യം ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് എസ്‌ഡിപിഐയുടെ ആംബുലൻസ് തകർത്തത്. മുഖംമറച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ടത്.

നെടുമങ്ങാട് എസ്‌ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളുകളായുള്ള രാഷ്‌ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണം. സിപിഎം പ്രവർത്തകർ എസ്‌ഡിപിഐയുടെ ആംബുലൻസ് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് എസ്‌ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.