'ഷോയിൽ നിന്ന് ആങ്കറിംഗ് നിർത്താമെന്ന് തീരുമാനിച്ചു, പേളി മാത്രം ചെയ്താൽ മതിയെന്ന് അവർ പറഞ്ഞു'; ഒടുവിൽ സംഭവിച്ചത്
മലയാളികളേറെ ഇഷ്ടപ്പെടുന്ന താരമാണ് പേളി മാണി. ആങ്കറായും മോട്ടിവേഷൻ സ്‌പീക്കറായും നടിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായും പേളി മാണി ആരാധകർക്ക് മുൻപിലെത്താറുണ്ട്. ഇപ്പോഴിതാ നടനും ആങ്കറുമായ ഡെയ്‌ൻ ഡേവിസ്, പേളിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. പേളിയും ഡെയ്‌നും ഒരു ചാനലിലെ പരിപാടിയിൽ ആങ്കർമാരായി എത്തിയിരുന്നു. ആ സമയത്തുണ്ടായ അനുഭവങ്ങളാണ് ഡെയ്‌ൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഞാൻ ഷോയിൽ ആദ്യമെത്തിയപ്പോൾ പേളി മാണിയെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. ആ സമയത്ത് എന്റെ ഉച്ചാരണമൊന്നും കറക്ട് ആയിരുന്നില്ല. ആത്മവിശ്വാസമില്ലാത്തത് തുടക്കത്തിൽ എന്നെ നല്ലതുപോലെ ബാധിച്ചിരുന്നു. പേളിയുടെ കൂടെ നിൽക്കുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു. ആദ്യ ഷെഡ്യൂളിൽ നിർത്തേണ്ടി വരുമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. ബാക്കിയുള്ളവർക്കും അത്ര മതിപ്പില്ല. ഇവനെന്തിനാണ്, പേളി അടിപാെളിയായി ഷോ ആങ്കർ ചെയ്യുന്നുവെന്ന അവസ്ഥ വന്നു. അങ്ങനെയൊരു അഭിപ്രായം അവിടെ മുഴങ്ങുന്നത് എനിക്ക് തോന്നിയിരുന്നു. നിർത്തേണ്ടി വരുമെന്ന് മനസിലായി.
ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് പേളി അവർ സ്പീക്കറായെത്തുന്ന ഒരു ഇവന്റിന് എന്നെ വിളിച്ചു. വലിയ പരിപാടിയായിരുന്നു. പേളി എന്നെ എല്ലാവരുടെ മുൻപിലും പരിചയപ്പെടുത്തി. ആൾക്കാരുമായി ഇടപഴകുന്നത് നീ കാണുവെന്നും അവർ എന്നോടുപറഞ്ഞു. പുള്ളിക്കാരിക്ക് എന്നെ അവിടെ കൊണ്ടുപോകേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. എന്നിട്ടും അവർ അതുചെയ്തു. എന്റെ പ്രിയപ്പെട്ട കോ ഹോസ്റ്റ് മീനാക്ഷിയാണ്. പേളിയെ ഇഷ്ടവും ബഹുമാനവുമാണ്. എന്നാൽ മീനാക്ഷിയുമായാണ് കൂടുതൽ വർക്ക് ചെയ്തിട്ടുളളത്. ഉടൻ പണം എന്ന ഷോയിലാണ് ഞാനും മീനാക്ഷിയും ആങ്കർമാരായി എത്തിയത്'- ഡെയ്‌ൻ പറഞ്ഞു.