'ഇന്ത്യയുടെ കളിപ്പാവ'; പാകിസ്ഥാനെ നോക്കാൻ ധൈര്യപ്പെട്ടാൽ അഫ്‌ഗാനിസ്ഥാന്റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് പാക് മന്ത്രി

Wednesday 29 October 2025 2:46 PM IST

ഇസ്ളാമാബാദ്: ആക്രമണം തുടർന്നാൽ അൻപതിരട്ടി ശക്തമായ മറുപടി നൽകുമെന്ന് അഫ്‌ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ. ഇന്ത്യയുടെ കളിപ്പാവയായി അഫ്‌ഗാൻ പ്രവർത്തിക്കുകയാണെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആരോപിച്ചു. ഇസ്‌താംബൂളിൽ പാകിസ്ഥാനും അഫ്‌‌ഗാനിസ്ഥാനും തമ്മിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിനുപിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.

'അഫ്‌‌ഗാന്റെ പ്രതിനിധി സംഘത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ കാബൂളിലെ ജനങ്ങൾ കളിക്കുന്ന പാവകളി നിയന്ത്രിക്കുന്നത് ഡൽഹിയാണ്. പടിഞ്ഞാറൻ അതിർത്തിയിൽ നേരിട്ട പരാജയത്തിന് പകരം വീട്ടാൻ ഇന്ത്യ കാബൂളിനെ ഉപയോഗിക്കുകയാണ്. അഫ്‌ഗാനിലെ ചിലർ ഇന്ത്യയും ഇന്ത്യൻ ക്ഷേത്രങ്ങളും സന്ദർശിച്ചു.

പാകിസ്ഥാനുമായി തീവ്രത കുറഞ്ഞ യുദ്ധത്തിലേർപ്പെടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് സഫലമാക്കാൻ അവർ കാബൂളിനെ ഉപയോഗിക്കുകയാണ്. അഫ്ഗാൻ ഇസ്ളാമാബാദിനെ നോക്കിയാൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും. അവർക്ക് തീവ്രവാദികളെ ഉപയോഗിക്കാം. കഴിഞ്ഞ നാലുവർഷമായി അവ‌ർ തീവ്രവാദികളെ ഉപയോഗിക്കുകയാണ്. പാകിസ്ഥാനിലെ തീവ്രവാദത്തിന് ഉത്തരവാദി കാബൂൾ ആണെന്നതിൽ സംശയമില്ല. ഡൽഹിയുടെ ആയുധമാണ് കാബൂൾ. അവർ ഇസ്ളാമാബാദിനെ ആക്രമിച്ചാൽ ദൈവത്തിന്റെ പേരിൽ ആണയിടുകയാണ്, അവർക്ക് അൻപതിരട്ടി ശക്തിയായി തിരിച്ചടി നൽകും'-പാക് പ്രതിരോധ മന്ത്രി പറഞ്ഞു.