ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾ പിടികൂടിയെന്ന് പാകിസ്ഥാൻ; രാഷ്‌ട്രപതിയെ റാഫേലിലിരുത്തി പറത്തി വനിതാ പൈലറ്റിന്റെ മാസ് മറുപടി

Wednesday 29 October 2025 3:38 PM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പിടികൂടിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേന വനിതാ പൈലറ്റിനെ ഒപ്പം നിർത്തി ചിത്രമെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഓപ്പറേഷൻ സിന്ദൂറിനിടെ സ്‌ക്വാഡ്രൻ ലീഡർ ശിവാംഗി സിംഗ് പറത്തിയ യുദ്ധവിമാനം വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നുമാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഹരിയാനയിലെ അംബാല വ്യോമസേന താവളത്തിൽ പ്രസിഡന്റിനെ പുതിയ റാഫേൽ യുദ്ധവിമാനത്തിലിരുത്തി പറത്തിയതിന് ശേഷമാണ് പൈലറ്റ് ശിവാംഗി ഒപ്പം നിന്ന് ചിത്രമെടുത്തത്. റാഫേലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയായി മാറുകയാണ്. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. എന്നാലിത് തെറ്റാണെന്ന് മാത്രമല്ല, പാകിസ്ഥാനാണ് ആറ് വിമാനങ്ങൾ നഷ്ടമായതെന്ന തെളിവുകൾ ഇന്ത്യ നിരത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സ്‌ക്വാഡ്രൻ ലീഡർ ശിവാംഗി സിംഗിന്റെ വിമാനം പാകിസ്ഥാൻ വെടിവച്ചിട്ടതായും അവരെ പിടികൂടിയതായുമുള്ള റിപ്പോർട്ടുകൾ പാക് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. എയർ ചീഫ് മാർഷൽ ശിവാംഗിയുടെ മാതാപിതാക്കളെ സന്ദർശിക്കുന്നതായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് വ്യാജമാണെന്ന് ഇന്ത്യ തെളിയിക്കുകയും ചെയ്തിരുന്നു. റാഫേൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് ആണ് ശിവാംഗി സിംഗ്. പാകിസ്ഥാൻ പിടികൂടുകയും പിന്നീട് ധീരനായി തിരികെയെത്തുകയും ചെയ്ത ഗ്രൂപ്പ് ക്യാപ്ടൻ അഭിനന്ദൻ വർത്തമാൻ ശിവാംഗിക്ക് പരിശീലനം നൽകിയതായുള്ള റിപ്പോർട്ടുകളുണ്ട്.