എന്റെ സുന്ദരാ... മോദിയെ പ്രശംസിച്ച് ട്രംപ്; ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ

Wednesday 29 October 2025 3:42 PM IST

വാഷിംഗ്‌ടൺ: ഇന്ത്യയുമായി പുതിയ വ്യാപാര കരാർ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്രമോദി കഠിനഹൃദയനാണെന്നും ശക്തനും പ്രശംസനീയനുമായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടിക്ക് (APEC) മുന്നോടിയായി ദക്ഷിണകൊറിയയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയുടെ കൈയിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ തീരുവനയങ്ങളുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കരാർ വൈകാൻ കാരണമായത്. അതേസമയം, ഇന്ത്യ - പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. വ്യാപാര സമ്മർദ്ദം ഉപയോഗിച്ചാണ് താൻ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത്. ഇന്ത്യ പാകിസ്ഥാൻ യുദ്ധസമയത്ത് താൻ ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിച്ചു. അവരുമായി യുഎസ് വ്യാപാരം നടത്തില്ലെന്ന് ഇരുരാജ്യത്തിന്റെയും നേതാക്കളോട് പറഞ്ഞു. തുടർന്നായിരുന്നു യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചത്.

'പ്രധാനമന്ത്രി മോദി കാണാൻ വളരെ സുന്ദരനാണ്. എന്നാൽ അദ്ദേഹം കഠിനഹൃദയനാണ്. ഇന്ത്യയുമായി ഉടൻ വ്യാപാരകരാർ ഉണ്ടാകും' ട്രംപ് വ്യക്തമാക്കി. ഇന്ത്യ - പാക് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈയെടുത്തെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു. പാകിസ്ഥാൻ അഭ്യർത്ഥിച്ച പ്രകാരമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.