ബാഗ്ദാദ് ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ് പുതു ചരിത്രം സൃഷ്ടിച്ച് മാമാങ്കം
മാമാങ്കത്തിന്റെ നൃത്താവിഷ്കാരമായ 'നെയ്ത്തെ" ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെസ്റ്റ് പ്ലേ അവാർഡ് നേടി പുതു ചരിത്രമായി. 'നെയ്ത്തെ" എന്ന നൃത്താവിഷ്കാരത്തിലൂടെ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെയും അവരുടെ ജീവിതത്തെയും കലയുടെയും സഹിഷ്ണുതയുടെയും പശ്ചാത്തലത്തിൽ പുന: സൃഷ്ടിച്ചതിനാണ് അംഗീകാരം. ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ പ്രകടനം നടത്തിയ ആദ്യ ഇന്ത്യൻ സംഘമായി മാമാങ്കം ഡാൻസ് കമ്പനി മാറി.
പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിംഗൽ 2014ൽ സ്ഥാപിച്ച 'മാമാങ്കം" ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2018 ലെ പ്രളയം മൂലം നഷ്ടപ്പെട്ട നെയ്ത്തും, അവരുടെ സ്വപ്നങ്ങളും ആണ് നൃത്താവിഷ്കരത്തിന്റെ പശ്ചാത്തലം.
പലരും ഈ അവതരണത്തെ ഭാഷാതടസങ്ങളെ മറികടന്ന് മനുഷ്യാനുഭവങ്ങളെ ഉൾക്കൊള്ളുന്ന കല എന്ന് വിശേഷിപ്പിച്ചു. ഈ വിജയത്തിന് പിന്നാലെ നവംബറിൽ ഒമാനിൽ നടക്കുന്ന പ്രശസ്തമായ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മാമാങ്കം ഒരുങ്ങുന്നു. "നെയ്ത്തെ" റിമ കല്ലിംഗലിന്റെ സംവിധാനത്തിലും അശ്വിൻ ജോർജിന്റെ നൃത്തസംവിധാനത്തിലും ആവിഷ്കരിക്കപ്പെട്ടതാണ്. ഗ്രീഷ്മ നാരായൺ, അലോശി അമൽ, പൂജിത കട്ടിക്കാട്, അനുശ്രീ പി.എസ്, സന്തോഷ് മാധവ്, അഞ്ജു ശ്യാമപ്രസാദ്, അമൃതശ്രീ ഓമനക്കുട്ടൻ, ഭവ്യ ഓമനക്കുട്ടൻ, ഗോപിക മഞ്ജുഷ എന്നിവർ വേദിയിൽ എത്തുന്നു. ദൃശ്യഭാവന രൂപപ്പെടുത്തിയത് കലാസംവിധായകൻ അനിൽ ഇൻസ്പയർ ആണ്. ശ്രീകാന്ത് ക്യാമിയോ ആണ് ലൈറ്റിംഗ് . ലയണൽ ലെഷോയ് ശബ്ദരൂപകല്പന നിർവഹിക്കുന്നു; ടീം മാനേജർ ഗ്രീഷ്മ ബാബുവും ഫോട്ടോഗ്രാഫർ ജൈസൺ മാഡനിയും ആണ് . 'നെയ്ത്തെ” കേരളത്തിലെ നെയ്ത്തുകാരുടെ കലയേയും ധൈര്യത്തേയും നൃത്തഭാഷയിലൂടെ ആഗോള വേദിയിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്ന് മാമാങ്കം ആർട്ടിസ്റ്റിക് ഡയറക്ടർ റിമ കല്ലിംഗൽ വ്യക്തമാക്കി.