ഡിജിറ്റൽ അറസ്റ്റിന് പൂട്ടിടാൻ സി.ബി.ഐ

Thursday 30 October 2025 3:25 AM IST

ഡിജിറ്റൽ അറസ്റ്റ് എന്ന പുത്തൻ സൈബർ തട്ടിപ്പിനെ നേരിടാൻ സി.ബി.ഐ വരുന്നു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യവ്യാപകമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇതുസംബന്ധിച്ച മുഴുവൻ കേസുകളും സി.ബി.ഐക്ക് വിടുമെന്ന് വ്യക്തമാക്കി. ഇതോടെ കേരളത്തിൽ കോടിക്കണക്കിന് രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത നൂറുകണക്കിന് കേസുകൾ സി.ബി.ഐ അന്വേഷിക്കും. കേരളത്തിലടക്കം രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാൻ സൈബർ കൊള്ളക്കാർ പ്രയോഗിക്കുന്ന പുതിയ അടവാണ് ഡിജിറ്റൽ അറസ്റ്റ്. തട്ടിപ്പുകാർ നിയമപാലകരായി അഭിനയിച്ച് ഇരകളെ ഭയപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളക്കേസെടുക്കും. അവർ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാൻ അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്സ്‌മെന്റ്, പൊലീസ് ഉദ്യോഗസ്ഥരായും സുപ്രീംകോടതി ജഡ്ജിമാരായും വരെ വേഷംകെട്ടി തട്ടിപ്പ് നടത്തുന്നുണ്ട്. മ്യാൻമാർ, തായ്‌ലാൻഡ് പോലുള്ള വിദേശരാജ്യങ്ങളിലിരുന്നാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സി.ബി.ഐയ്ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.

സമൂഹത്തിലെ ഉന്നതന്മാർ മുതൽ ചലച്ചിത്ര താരങ്ങളും സംഗീതജ്ഞരും വരെ ഈ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ആറുമാസത്തിനിടെ ഇരുനൂറോളം പേർ തട്ടിപ്പിനിരയായി. ചെറിയ തുകകൾ മുതൽ മൂന്നരക്കോടി വരെ നഷ്ടപ്പെട്ട കേസുകളുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്‌മെന്റ്, സൈബർ സെൽ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞും തട്ടിപ്പുണ്ട്. തിരുവനന്തപുരം നഗരത്തിൽ ആറുമാസത്തിനിടെ 35 കോടി രൂപയാണ് തട്ടിപ്പുകാർ അടിച്ചെടുത്തത്. മയക്കുമരുന്ന്, കള്ളപ്പണം വെളിപ്പിക്കൽ, ലഹരിമരുന്ന് കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണൽ, തീവ്രവാദം, മനുഷ്യക്കടത്ത് എന്നിങ്ങനെ കേസുകളിൽ അറസ്റ്റ് ചെയ്തിരിക്കുന്നെന്നാണ് മിക്ക തട്ടിപ്പുകാരും പറയുക. അറസ്റ്റ് മാത്രമല്ല, വിചാരണയും ഓൺലൈനായി നടത്തും. അന്വേഷണ ഏജൻസികളുടെ യൂണിഫോം ധരിച്ചും തിരിച്ചറിയൽ കാർഡ് കാട്ടിയുമൊക്കെയാവും 'വിചാരണയും അറസ്റ്റും" നടത്തുക.

മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ഫോൺകോളുകളായിരിക്കും ആദ്യം വരുന്നത്. പിന്നീട് വീഡിയോ കോളിലൂടെ ബന്ധപ്പെടും. വ്യാജ യൂണിഫോം, ഐഡി കാർഡുകൾ, രേഖകൾ തുടങ്ങിയവ തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കും. ആധികാരികമായി തോന്നിപ്പിക്കുന്നതിനായി അവർ സർക്കാർ ഓഫിസ് ക്രമീകരണങ്ങൾ പോലും അനുകരിക്കും. കേസിൽ നിന്നും രക്ഷപ്പെടാൻ നിശ്ചിത തുക കൈമാറണമെന്ന് ആവശ്യപ്പെടും. തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് ഇരകൾ പണം കൈമാറുന്നു. അത് കഴിഞ്ഞാൽ പിന്നെ തട്ടിപ്പുകാരുടെ പൊടിപോലും കാണില്ല.

ഇന്ത്യയിലെ നിയമ സംവിധാനത്തിൽ ഓൺലൈനായി ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്ന് മനസിലാക്കുകയും,​ തട്ടിപ്പു തന്ത്രങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്താൽ ഈ തട്ടിപ്പിന് തടയിടാനാവും. ബാങ്ക് അക്കൗണ്ടുകളിലുള്ള പണം പരിശോധനകൾക്കായി 'സി.ബി.ഐ" നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് നൽകണമെന്നും കള്ളപ്പണമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ തിരികെ നൽകുമെന്നും അറിയിക്കും. അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതോടെ പണം പിൻവലിക്കപ്പെടും. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റപ്പെട്ടാൽ പിന്നീട് ഒരു വിവരവുമുണ്ടാവില്ല. ഒരു തട്ടിപ്പിന് ഉപയോഗിച്ച നമ്പർ ഇവർ ഉപേക്ഷിക്കുകയാണ് പതിവ്.

ഓപ്പറേഷൻ ചക്ര വീണ്ടും

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരെ പിടികൂടാൻ സി.ബി.ഐ നേരത്തേ ഓപ്പറേഷൻ ചക്ര എന്ന പേരിലുള്ള പ്രത്യേക ദൗത്യം നടത്തിയിരുന്നു. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി നടത്തിയ റെയ്

ഡുകളിൽ നിരവധി തട്ടിപ്പുകാർ പിടിയിലായി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപ കബളിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു നടപടി. വിദേശ പൗരന്മാർ ഉൾപ്പെട്ട രാജ്യാന്തര സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിൽ.

ഇന്ത്യയിൽ ഇല്ലാത്ത

ഡിജിറ്റൽ അറസ്റ്റ്

 ഇന്ത്യയിൽ പൊലീസോ കേന്ദ്ര അന്വേഷണ ഏജൻസികളോ ഓൺലൈനായി ആരെയും അറസ്റ്റ് ചെയ്യാറില്ല. ഇന്ത്യയിൽ ഇങ്ങനെയാരു നിയമ പ്രക്രിയയില്ല.

 ഡിജിറ്റൽ അറസ്റ്റ് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഇല്ലാത്തതാണെന്ന് മനസിലാക്കുക. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കുക.

 ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പെട്ടതായി അന്വേഷണ ഏജൻസികൾ ഫോൺ വിളിക്കുമ്പോൾ ബാങ്കിംഗ് വിവരങ്ങളോ, പണമിടപാട് നടത്താനോ ആവശ്യപ്പെടില്ല.

 ഫോണിലോ വീഡിയോ കോളിലോ അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിളികളിലോ വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്.

 സൈബർ തട്ടിപ്പുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും പരിഭ്രമിക്കാതെയും വിവരം ലോക്കൽ പൊലീസിലോ സൈബർ പൊലീസിനെയോ അറിയിക്കണം.

 ഏതെങ്കിലും അന്വേഷണ ഏജൻസികളോ സർക്കാർ സംവിധാനങ്ങളോ ഔദ്യോഗിക ആശയവിനിമയത്തിന് വാട്സ്ആപ്പ്, സ്കൈപ്പ് എന്നിവ ഉപയോഗിക്കില്ല.

 സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഏജൻസികൾക്കാവും. പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറാൻ ഒരു ഏജൻസിയും ആവശ്യപ്പെടില്ല.

ഡയൽ 1930

തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 നമ്പറിൽ വിവരമറിയിക്കണം. രണ്ടു മണിക്കൂറിനകമാണെങ്കിൽ പണംതിരിച്ചുപിടിക്കാം. www.cybercrime.gov.in വെബ്സൈറ്റിലും പരാതിപ്പെടാം.