അഭിമാനമായി വിമാന കരാർ
ഒരു രാജ്യത്തിന്റെ പുരോഗതിയും വികസനവും പ്രകൃതിദത്ത വിഭവങ്ങളെയും ധാതുക്കളെയും മറ്റും മാത്രം ആശ്രയിച്ചായിരുന്ന കാലം ആഗോളവത്‌കരണത്തിന്റെ വരവോടെ കീഴ്‌മേൽ മറിയുകയുണ്ടായി. എത്ര ചെറിയ രാജ്യമാണെങ്കിലും സാങ്കേതിക ഉത്‌പന്നങ്ങളുടെ മേഖലയിൽ മേൽക്കൈ നേടിയാൽ പ്രകൃതിവിഭവങ്ങളുടെ നിക്ഷേപങ്ങളില്ലെങ്കിൽപ്പോലും സാമ്പത്തികമായി സുശക്‌തമായ അടിത്തറ ആ രാജ്യത്തിന് നേടാൻ കഴിയുന്ന സാഹചര്യമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സെമി കണ്ടക്‌ടറുകൾ വിൽക്കുന്ന തയ്‌വാൻ എന്ന രാജ്യം തന്നെ ഏറ്റവും വലിയ ഉദാഹരണം. ചെറു രാജ്യമായ തയ്‌വാൻ അമേരിക്കയിലേക്ക് സെമികണ്ടക്‌ടറുകൾ ഉൾപ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങൾ കയറ്റി അയച്ചതിലൂടെ നേടിയത് 25.3 ബില്ല്യൺ ഡോളർ ആണ്.
തയ്‌വാനുമായി താരതമ്യപ്പെടുത്തുമ്പോൾ സെമി കണ്ടക്‌ടർ നിർമ്മാണം ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യയ്ക്കുള്ള സാദ്ധ്യത എത്രയോ ഇരട്ടി വലുതാണ്. ആത്‌മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ വൈകിയാണെങ്കിലും ഇന്ത്യ ആ പാതയിലൂടെയാണ് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നത്. ബുദ്ധിപരമായ ഔന്നത്യം പുലർത്തുന്ന ചെറുപ്പക്കാരുടെ ഒരു വലിയ തൊഴിൽസേന ഇന്ത്യയ്ക്ക് കൈമുതലായുണ്ട്. അവസരങ്ങളുടെ കുറവു മൂലം ഇത് പലപ്പോഴും വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടാതെ പോകുന്നത് നിർഭാഗ്യകരമാണ്. അമേരിക്കയിൽത്തന്നെ ഭീമൻ കമ്പനികളിൽ ഭൂരിപക്ഷത്തിന്റെയും തലപ്പത്ത് ഇന്ത്യൻ വംശജരായ യുവാക്കളാണുള്ളത്. ഇന്ത്യക്കാരുടെ ഈ മിടുക്ക് ഇന്ത്യയിൽ വിനിയോഗിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നു വേണം അനുമാനിക്കാൻ. അതിനുള്ള ഏറ്റവും വലിയ അവസരങ്ങൾ ഇന്ത്യയിൽ ബഹിരാകാശ, പ്രതിരോധ, സാങ്കേതിക രംഗങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ വന്ന വാർത്ത റഷ്യൻ കമ്പനിയുമായി സഹകരിച്ച് എച്ച്.എ.എൽ ഇന്ത്യയിൽ ആദ്യ സമ്പൂർണ പാസഞ്ചർ വിമാനം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്നതാണ്. 'നമുക്കു സഞ്ചരിക്കാൻ പറന്നുയരട്ടെ നമ്മുടെ സ്വന്തം വിമാനങ്ങൾ" എന്ന അഭിമാനബോധം ഓരോ ഇന്ത്യൻ പൗരനിലും ഉണർത്താൻ പോന്ന സംരംഭമാണിത്.
100 സീറ്റുകളുള്ള ഇരട്ട എൻജിൻ സുഖോയ് സൂപ്പർ ജെറ്റാവും നിർമ്മിക്കുക. ഇതുവരെ വിമാനങ്ങൾ വാങ്ങാൻ ഏറ്റവും കൂടുതൽ പണം നൽകിയിട്ടുള്ളത് അമേരിക്കയ്ക്കാണ്. നമ്മുടെ സ്വന്തം വിമാനം എന്ന സംരംഭം വിജയിക്കുമ്പോൾ ഭാവിയിൽ വിമാനങ്ങൾ വാങ്ങാൻ വിദേശങ്ങളിലേക്ക് ഒഴുകിയിരുന്ന കോടികൾ കൂടിയാവും കുറയുക. മാത്രമല്ല, ലോകത്തെ ഒട്ടേറെ അവികസിത രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ വിലയിൽ മേന്മയുള്ള വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങാൻ അവസരമെരാരുങ്ങുകയും ചെയ്യും.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ പ്രതിഷേധിച്ച് യു.എസ് ഇന്ത്യയ്ക്ക് മേൽ വർദ്ധിപ്പിച്ച നികുതി ചുമത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ സംയുക്ത സംരംഭത്തിന്റെ പ്രാധാന്യവും അർത്ഥതലങ്ങളും വളരെ വലുതാണ്. മിഗ് 21, 27, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിവിലിയൻ എയർക്രാഫ്‌റ്റ് പദ്ധതിയിൽ പങ്കാളികളാകുന്നത്. രാജ്യത്ത് അടുത്ത 10 വർഷത്തേക്ക് 200-ലധികം ആഭ്യന്തര ജെറ്റ് വിമാനങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക്. ഇതിനായി അമേരിക്കയിലെ ബോയിംഗ് കമ്പനിയുമായും യു.കെയിലെ എയർബസ് കമ്പനിയുമായും ഇന്ത്യ കരാറുകളിലേർപ്പെട്ടിട്ടുണ്ട്. ആ രാജ്യങ്ങൾക്കും റഷ്യയുമായി ചേർന്നുള്ള ഇന്ത്യയുടെ പുതിയ സംരംഭം ഒരു വെല്ലുവിളി ആയിരിക്കുമെന്നതിൽ സംശയമില്ല. ആത്മനിർഭർ ഭാരത് ഇതുപോലുള്ള പുതിയ ഘട്ടങ്ങളിലേക്കു കടക്കുന്നത് ഇന്ത്യയിലെ യുവത്വത്തിനാകും ഏറ്റവുമധികം പ്രതീക്ഷകൾ പകരുക.