കലാമണ്ഡലത്തിലെ 'മല്ലികാബാണം!'
'മല്ലികാ ബാണൻ തന്റെ വില്ലെടുത്തു..." എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പി. ഭാസ്കരൻ മാഷ് എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, ജയചന്ദ്രനും മാധുരിയും ചേർന്ന് പാടിയതാണ് ആ ഗാനം. ഇവിടെ മല്ലികാ ബാണനെയോ അദ്ദേഹത്തിന്റെ വില്ലിനെയോ കുറിച്ചല്ല എഴുതുന്നത്. സാക്ഷാൽ മല്ലികയുടെ ബാണത്തെക്കുറിച്ചു തന്നെയാണ്. മല്ലികയുടെ മൂർച്ചയേറിയ അസ്ത്രം ഏൽക്കാതെ പോയതിനെക്കുറിച്ചാണ്. അത് എഴുതാതെ വയ്യ. സാംസ്കാരിക കേരളമാകെ ചർച്ച ചെയ്യേണ്ടതായിരുന്നു മല്ലികയുടെ ആ അമ്പിനെക്കുറിച്ച്. പക്ഷെ, എന്തുകൊണ്ടോ അടുത്ത കാലത്തായി നമ്മുടെ സാംസ്കാരിക നായകരെ ബാധിച്ചതായി തോന്നുന്ന നിസംഗത മൂലമാവാം, അത് അവരുടെ ബധിര കർണങ്ങളിലാണ് പതിച്ചത്. കുറേക്കാലമായി, ബുദ്ധിമാന്മാരായ മൂന്ന്മർക്കടന്മാരെ പോലെ, കാതും കണ്ണും വായും പൊത്തി അവർ കഴിയുകയാണ്, കഷ്ടം! കേഴുക, പ്രിയ നാടേ എന്നല്ലാതെ എങ്ങനെ പ്രതികരിക്കും, പ്രബുദ്ധ കേരളത്തിന്റെ ഈ ദുരവസ്ഥയോട്. മല്ലികാ സാരഭായി നല്ലൊരു കലാകാരിയാണ്. കലാപരമായ കഴിവുകളെ ആരാധിക്കുമ്പോഴും അവരുടെ രാഷ്ട്രീയ നിലപാടുകളോട് തെല്ലും യോജിപ്പില്ല. എങ്കിലും കേരളത്തിലെത്തി അവർ പ്രയോഗിച്ച വാക്ശരം പ്രസക്തവും ശ്രദ്ധേയവുമായി തോന്നി. ജനിച്ചതും വളർന്നതും ഗുജറാത്തിലാണെങ്കിലും ആ അനുഗൃഹീത നർത്തകിക്ക് കേരളവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളത്. അച്ഛൻ ഗുജറാത്തിയായ ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി. പക്ഷെ അമ്മ മലയാളിയായ മൃണാളിനി സാരാഭായി. മൃണാളിനിയുടെ അമ്മയും മലയാളി- അമ്മു സ്വാമിനാഥൻ. മല്ലികയുടെ അച്ഛൻ അര നൂറ്റാണ്ടു മുമ്പ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ചു കിടന്നത്, ഇവിടെ കോവളത്ത്. ഇത്ര ശക്തമായ കേരള പശ്ചാത്തലം മാത്രമാവില്ല, മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലത്തിന്റെ കുലപതിയായി നിയമിക്കാൻ, രണ്ട് വർഷം മുമ്പ് കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സർക്കാരിനെ പ്രേരിപ്പിച്ചത്. അന്ന് കേരള ഗവർണർ എന്ന നിലയ്ക്ക് കല്പിത സർവ്വകലാശാലയുടെ ചാൻസലർ ആരിഫ് മുഹമ്മദ് ഖാനുമായി പൊരിഞ്ഞ പോരിലായിരുന്നു ഇടതുമുന്നണി സർക്കാർ. ആരിഫ്ജിയെ കലാമണ്ഡലത്തിന്റെ കുലപതി സ്ഥാനത്തുനിന്ന് മാറ്റിയാണ് മല്ലികാ സാരാഭായിയെ അവിടെ പ്രതിഷ്ഠിച്ചത്. ആരിഫ്ജിയുമായുള്ള പോരിനു കാരണം രാഷ്ട്രീയം ആണെന്നിരിക്കിലും മല്ലിക നല്ലൊരു നായിക തന്നെയാണ്, കലാമണ്ഡലത്തെ നയിക്കാൻ. ആഗോളതലത്തിൽ അറിയപ്പെടുന്ന കലാകാരി. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും പ്രാവീണ്യം. പീറ്റർ ബ്രൂക്കിന്റെ മഹാഭാരതം ഉൾപ്പെടെ ലോകമാസകലം ശ്രദ്ധിക്കപ്പെട്ട പല കലാശില്പങ്ങളുടെയും സംവിധായക. കലയ്ക്കായി സമർപ്പിക്കപ്പെട്ട ജീവിതം.
എങ്കിലും, ഇവയൊന്നും മാത്രമാവില്ല, മല്ലികയെ നമ്മുടെ സർക്കാരിന് സ്വീകാര്യയാക്കിയത്. കലാരംഗത്തെ പ്രാവീണ്യത്തിനു പുറമേ ആ കലാകാരിയുടെ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടുമാവണം കേരള സർക്കാരിന് കൂടുതൽ സ്വീകാര്യമായത്. നരേന്ദ്ര മോദിജിയുടെ സ്വന്തം സംസ്ഥാനത്തു നിന്ന്, അദ്ദേഹത്തെ അതിനിശിതമായി വിമർശിക്കുന്ന വ്യക്തി കൂടിയാണ് മല്ലികാ സാരാഭായി. നിരന്തരം മോദിജിയെ എതിർക്കുക എന്നത് അവർക്ക് ഒരു ജീവിതവ്രതം പോലെയാണ്. ഒരു 'ആർടിസ്റ്റ്" എന്നതിലുപരി ഒരു 'ആക്ടിവിസ്റ്റ്" ആണ് മല്ലികാ സാരാഭായി. തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന 'ആക്ടിവിസം" കലാമണ്ഡലത്തിന്റെ ചാൻസലർ എന്ന നിലയിലും അവർ കൈ വിടുന്നില്ല. ഇവിടെ അത് മോദിക്കെതിരെ അല്ലെന്നു മാത്രം.
അടക്കാനാവാത്ത 'ആക്ടിവിസം" കഴിഞ്ഞയാഴ്ച കേരളത്തിൽ വച്ച് ഒരു കൂരമ്പ് പ്രയോഗിക്കാൻ അവരെ പ്രേരിപ്പിച്ചു. ആരെയെങ്കിലും ഉന്നം വച്ച്, ആരെയെങ്കിലും മുറിവേൽപ്പിക്കാനോ വേദനിപ്പിക്കാനോ ആവില്ല മല്ലിക ബാണം പ്രയോഗിച്ചത്. എങ്കിലും അസ്വസ്ഥത ഉളവാക്കുന്നതാണ് കലാമണ്ഡലത്തിലെ അവസ്ഥയെപ്പറ്റിയും അനുഭവത്തെപ്പറ്റിയുമുള്ള മല്ലികയുടെ വാക്കുകൾ. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്നതു കാരണം കലാമണ്ഡലത്തിന്റെ കാര്യക്ഷമത ചോർന്നു പോകുന്നു എന്ന് മല്ലികാ സാരാഭായി വിളിച്ചുപറഞ്ഞത് രാഷ്ട്രീയ പ്രേരിതമാവില്ല. അത് ഭരണകക്ഷിയെ കുറ്റപ്പെടുത്താനും ആവില്ല. തന്റെ അറിവിലും അനുഭവത്തിലുമുള്ള ചില കാര്യങ്ങൾ കേരളം അറിയണമെന്ന് അവർക്ക് തോന്നിയതുകൊണ്ടാവാം ഇങ്ങനെ വിളിച്ചു പറഞ്ഞത്.
'ഒരു സർവകലാശാലയിൽ പണിയെടുക്കാൻ പ്രാപ്തി ഇല്ലാത്തവരാണ് കേരള കലാമണ്ഡലം എന്ന കല്പിത സർവകലാശാലയുടെ നടത്തിപ്പുകാർ. വൈസ് ചാൻസലറെയും രജിസ്ട്രാറെയും ഒഴിച്ചാൽ ഒരു 'ഇ- മെയിൽ" ഇംഗ്ലീഷിൽ തയ്യാറാക്കാൻ പോലും അറിവില്ലാത്തവർ ആണത്രേ കലാമണ്ഡലത്തിലെ ജീവനക്കാർ. ആരെയും പറഞ്ഞുവിടാനോ, ആരെയെങ്കിലും പുറത്തുനിന്ന് കൊണ്ടുവരാനോ അനുവദിക്കാത്ത നിയമങ്ങളാണ് അവിടെ. ഇരുന്നൂറ് ദിവസം വരെ പണി എടുക്കാത്തവരെപ്പോലും പിരിച്ചുവിടാനാവാത്ത അവസ്ഥ. കൈയും കാലും ബന്ധിതമാണെന്നു തോന്നുന്ന അവസ്ഥ"- മല്ലിക വെളിപ്പെടുത്തുന്നു. 'ഇവർക്കൊക്കെ വീട്ടിലേക്ക് വെറുതെ പണം അയച്ചുകൊടുക്കുന്നതാവും ഭേദം. വൈസ് ചാൻസലറും രജിസ്ട്രാറും ഒഴികെ, മറ്റാർക്കും ഒന്നും ചെയ്യാൻ കഴിവില്ലെങ്കിൽപ്പിന്നെ എങ്ങനെ ഒരു സ്ഥാപനം വികസിപ്പിക്കും? എങ്ങനെ മെച്ചപ്പെടുത്തും?"- മല്ലികാ സാരാഭായി വെട്ടിത്തുറന്ന് ചോദിക്കുന്നു. മുഴുവൻ കേരളീയരോടുമുള്ള ചോദ്യമാണിത്. മഹാകവി വള്ളത്തോൾ, രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനിൽ നിന്ന് ആവേശം ഉൾക്കൊണ്ട്, മുകുന്ദ രാജയുടെ സഹായ സഹകരണത്തോടെ സ്ഥാപിച്ചതാണ് കലാമണ്ഡലം എന്ന മഹാ പ്രസ്ഥാനം. തൊണ്ണൂറ്റഞ്ച് കൊല്ലം മുമ്പ്, 1930-ൽ. കാലക്രമേണ പല പരിണാമങ്ങളുമുണ്ടായി കലാമണ്ഡലത്തിന്. കല്പിത സർവകലാശാലയുമായി പിന്നീട്. സംരക്ഷിച്ചേ മതിയാവൂ ഈ കലാക്ഷേത്രം- എങ്ങനെയും, എന്ത് വില കൊടുത്തും.