പി.എം. ശ്രീ പദ്ധതി: വിമർശനങ്ങളിൽ കഴമ്പുണ്ടോ? നവീകരണവും നിലപാടും
ഇന്ത്യയുടെ പൊതുവിദ്യാഭ്യാസ മേഖലയെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിൽ നവീകരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സുപ്രധാന കേന്ദ്രാവിഷ്കൃത പദ്ധതിയാണ്, പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM SHRI). 2022-ൽ ആരംഭിച്ച ഈ സംരംഭം, രാജ്യത്തുടനീളമുള്ള 14,500-ൽ അധികം സർക്കാർ സ്കൂളുകളെ തിരഞ്ഞെടുത്ത്, അവയെ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പൂർണമായും നടപ്പാക്കുന്നതിനുള്ള മാതൃകാ വിദ്യാലയങ്ങളാക്കി (Exemplar Schools) ഉയർത്താൻ വിഭാവനം ചെയ്യുന്നു.
സ്കൂളുകളുടെ
മുഖശ്രീ
പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് 2026-27 വരെയാണ് കേന്ദ്ര സഹായം ലഭിക്കുക. പദ്ധതിയുടെ പ്രധാന സവിശേഷതകൾ ചുവടെ പറയുന്നവയാണ്:
ദേശീയ വിദ്യാഭ്യാസ നയത്തിലെ 5+3+3+4 പാഠ്യപദ്ധതി ഘടന ഉൾപ്പെടെയുള്ള എല്ലാ പരിഷ്കാരങ്ങളും ആദ്യമായി നടപ്പാക്കി വിജയിപ്പിക്കാൻ ഈ സ്കൂളുകളെ ഉപയോഗിക്കും.
സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, അടൽ ടിങ്കറിംഗ് ലാബുകൾ (ATL), സംയോജിത സയൻസ് ലാബുകൾ എന്നീ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
ശേഷി-അധിഷ്ഠിത പഠനം (Competency-based Learning), അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം, കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം, ചോദ്യോത്തര രീതിയിലുള്ള പഠനം എന്നിവക്ക് ഈ പദ്ധതി പ്രാധാന്യം നൽകുന്നു
സൗരോർജ്ജം, ജലസംരക്ഷണം, മാലിന്യ സംസ്കരണം, പോഷകത്തോട്ടങ്ങൾ എന്നിവ നടപ്പാക്കി പരിസ്ഥിതി സൗഹൃദപരമായ സമീപനം പ്രോത്സാഹിപ്പിച്ച് ഹരിത വിദ്യാലയങ്ങൾ (Green Schools) എന്ന സങ്കല്പത്തിന് മാതൃകയാക്കും.
ഈ സ്കൂളുകൾ സമീപത്തുള്ള മറ്റ് വിദ്യാലയങ്ങൾക്കുള്ള മാർഗനിർദ്ദേശകരും ഉപദേഷ്ടാക്കളുമായി വർത്തിക്കും.
പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കാനിരിക്കുന്ന പദ്ധതിയാണ് പി.എം. ശ്രീ.
നിലവാരമുള്ള വിദ്യാഭ്യാസം: കുട്ടികളിൽ 21-ാം നൂറ്റാണ്ടിലെ നൈപുണ്യങ്ങൾ (വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം, ഡിജിറ്റൽ സാക്ഷരത) വളർത്താൻ സഹായിക്കുന്ന രീതിശാസ്ത്രം ഉപയോഗിക്കുന്നു.
സാമ്പത്തിക പിന്തുണ: സ്കൂൾ നവീകരണത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് വലിയ സാമ്പത്തിക സഹായം (സാധാരണയായി 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതം) ലഭിക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കും.
സമഗ്ര വികസനം: ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് ഉപയോഗിച്ച് കുട്ടിയുടെ അക്കാദമികവും അക്കാദമികേതരവുമായ എല്ലാ മേഖലകളിലെയും വളർച്ച അളക്കുന്നത് ഗുണപരമായി മാറും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: വൊക്കേഷണൽ ലാബുകളും പ്രാദേശിക വ്യവസായങ്ങളുമായുള്ള ഇന്റേൺഷിപ്പുകളും വിദ്യാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
വിമർശനം
എന്തിന്?
ഇങ്ങനെയൊക്കെയാണെങ്കിലും പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും ശക്തമാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും, വിദ്യാഭ്യാസ നയരൂപീകരണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ എതിർശബ്ദങ്ങൾ. പദ്ധതിയിൽ ചേരുന്നതിനായി ഒപ്പിടുന്ന ധാരണാപത്രം (MoU) 2020- ലെ ദേശീയ വിദ്യാഭ്യാസനയം പൂർണമായി നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നുവെന്നതാണ് പ്രധാന വിമർശനം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ആയിരിക്കെ, ഇത് സംസ്ഥാനങ്ങളുടെ നയപരമായ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുന്നു.
അഞ്ചു വർഷത്തെ കേന്ദ്രസഹായത്തിനു ശേഷം, ഈ സ്കൂളുകളുടെ വലിയ പരിപാലനച്ചെലവും ജീവനക്കാരുടെ വേതനവും പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലാകുമെന്നതാ രണ്ടാമത്തെ ന്യൂനത. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭാരതീയ വിജ്ഞാന സമ്പ്രദായം (IKS) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, ചില സംസ്ഥാനങ്ങൾ തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കേന്ദ്രത്തിന്റെ പ്രത്യയശാസ്ത്രപരമായ അജണ്ട അടിച്ചേല്പിക്കാനുള്ള ശ്രമമായി കാണുന്നു പി.എം. ശ്രീയിൽ ചേരാത്ത സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പോലെ, നിലവിലുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ തടഞ്ഞുവച്ചുവെന്ന ആരോപണമാണ് മറ്റൊന്ന്. ഇത് സംസ്ഥാനങ്ങളെ പദ്ധതിയിൽ ചേരാൻ നിർബന്ധിതരാക്കുന്നു.
സംസ്ഥാന
നിലപാട്
തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്തിരുന്ന കേരളം, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഒടുവിൽ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചു.
കാരണം: പി.എം. ശ്രീയിൽ ചേരാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ സമഗ്ര ശിക്ഷാ അഭിയാൻ വഴി ലഭിക്കേണ്ടിയിരുന്ന ആയിരം കോടിയിലധികം വരുന്ന കേന്ദ്ര വിഹിതം തടഞ്ഞുവയ്ക്കപ്പെട്ടു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയുള്ള 'തന്ത്രപരമായ നീക്ക"മാണ് ഇതെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിച്ചത്. വിമർശനം: ഭരണകക്ഷിയായ എൽ.ഡി.എഫിലെ ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്മാവിനോട് കേരളത്തിലെ പൊതുവിദ്യാഭ്യാസം കീഴടങ്ങുന്നു എന്നും, ധാരണാപത്രം ഒപ്പിട്ടത് അസാധാരണ തിടുക്കത്തിലാണ് എന്നും വിമർശനം ഉയർന്നു.
നിലപാട്: ധാരണാപത്രം ഒപ്പിട്ടെങ്കിലും, കേരളത്തിന്റെ താത്പര്യങ്ങൾക്കും നിലവിലുള്ള പാഠ്യപദ്ധതി പരിഷ്കരണങ്ങൾക്കും വിട്ടുവീഴ്ച ചെയ്യാതെ പദ്ധതി നടപ്പാക്കും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എങ്കിലും, MoU-യിലെ വ്യവസ്ഥകൾ പ്രകാരം NEP 2020-ലെ എല്ലാ നിബന്ധനകളും നടപ്പാക്കേണ്ടി വരുമെന്നത് വലിയ വെല്ലുവിളിയാണ്.
(ബോക്സ്)
ഇനി ചെയ്യാൻ കഴിയുന്നത്...
പി.എം. ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട ഒരു സംസ്ഥാനത്തിന് അതിൽ നിന്ന് പിന്മാറാൻ സൈദ്ധാന്തികമായി സാധിക്കുമെങ്കിലും, പ്രായോഗികമായി ദുഷ്കരമാണ്. നവീകരണത്തിനായി ലഭിച്ച കേന്ദ്ര വിഹിതം സംസ്ഥാനം തിരികെ നൽകേണ്ടി വന്നേക്കാം. ലഭിക്കാനുള്ള മുഴുവൻ പി.എം. ശ്രീ ഫണ്ടുകളും മാത്രമല്ല, മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതവും തടസപ്പെടാൻ സാധ്യതയുണ്ട്. നയപരമായ ആശയക്കുഴപ്പമാണ് മറ്റൊരു കാര്യം. നടപ്പാക്കിത്തുടങ്ങിയ എൻ.ഇ.പി ഘടകങ്ങൾ പിൻവലിക്കുന്നത് സ്കൂൾ തലത്തിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും
കരാറിൽ നിന്നുള്ള പിന്മാറ്റം സാമ്പത്തികവും നയപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, പദ്ധതിയിൽ ചേർന്ന സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് കേരളം, ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിക്കൊണ്ടു തന്നെ, സംസ്ഥാന താത്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ഇടപെടൽ സാദ്ധ്യതകൾ തേടാനാണ് സാദ്ധ്യത.