അതിർത്തി ഗ്രാമങ്ങളിൽ മയക്കുമരുന്ന് പരിശോധന

Thursday 30 October 2025 1:14 AM IST

വെള്ളറട: അതിർത്തി മലയോര ഗ്രാമങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തിച്ച് കച്ചവടം ചെയ്യുന്ന സംഘം സജീവമായതിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി റൂറൽ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് മലയോര ഗ്രാമങ്ങളിലെ പാർസൽ സർവീസ് കേന്ദ്രങ്ങളിൽ ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പൊലീസ് സംഘം പരിശോധന നടത്തി. കൊറിയർ വഴി അന്യ സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലഹരി വസ്തുക്കൾ അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത്.

അതിർത്തികളിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റുകളുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളിലും ആഡംബര കാറുകളിലുമാണ് അതിർത്തി കടന്ന് ലഹരി വസ്തുക്കളെത്തുന്നത്. വെള്ളറട പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നിരവധി അതിർത്തി റോഡുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ട റോഡുകളിലാണ് ഇപ്പോൾ പരിശോധനകൾ നടക്കുന്നത്. മയക്കുമരുന്ന് കൊണ്ടുവരുന്നതിൽ ഏറെയും യുവാക്കളും വിദ്യാർത്ഥികളുമാണ്. ബംഗളൂരിൽ നിന്നും തമിഴ്നാടുവഴി പരിശോധന കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘം അതിർത്തിയിൽ സജീവമാണ്.