ആടുവളർത്തലിൽ എന്നും 'ജയശ്രീ '
മുഹമ്മ: പഞ്ചായത്ത് വകുപ്പിൽ നിന്ന് ഓഡിറ്റ് സൂപ്പർവൈസറായി വിരമിച്ച സി.എ.ജയശ്രീയുടെ ഇപ്പോഴത്തെ സന്തോഷം ആടുവളർത്തലിലാണ്. വീട്ടിലും പരിസരത്തും മണി കിലുക്കി ഓടി നടക്കുന്ന ആടുകളെ പോറ്റി വളർത്തണമെന്ന ജയശ്രീയുടെ ചെറുപ്പം മുതലേയുള്ള മോഹം അടുത്തിടെയാണ് സഫലമായത്.
കലവൂരിലെ ജയയെന്ന കൂട്ടുകാരി ഒരു ആട്ടിൻകുട്ടി ജയശ്രീക്ക് നൽകിയതോടെയാണ്
ആടുവളർത്തലിന് തുടക്കമായത്.നാനൂറിലധികം നാടൻ ഇനത്തിൽപ്പെട്ട ആടുകൾ ജയശ്രീയുടെ ഫാമിലുണ്ടായിരുന്നു.ആവശ്യക്കാർ ഏറെയായതോടെ അവയിൽ അധികവും വിറ്റു. നല്ല വിലയും കിട്ടി. ഇപ്പോൾ 55 ആടുകളാണുള്ളത്. ഇനി അവ പെറ്റുപെരുകും. ആടുകൾക്ക് മേഞ്ഞുനടക്കാൻ വിശാലമായ പുൽമേടും ഇരുമ്പ് വേലിയും ഉയരമുള്ള വലിയ കൂടുമെല്ലാം ചേർന്നതാണ് ജയശ്രീയുടെ ഫാം.പ്ലാവില ഉൾപ്പടെയുള്ള ഇലകളും പുല്ലുമെല്ലാം തിന്ന് വിശപ്പടങ്ങുമ്പോൾ മുകളിലെ കൂട്ടിലേക്ക് ആടുകൾ പടിചവിട്ടിക്കയറി വിശ്രമിക്കും. മഴയത്ത് താഴെ ഇറങ്ങില്ല. മണ്ണ് ഉണങ്ങുമ്പോൾ പുൽമേട്ടിലിറങ്ങും.സന്ധ്യ മയങ്ങുമ്പോൾ തനിയെ കൂട്ടിൽ കയറും.അങ്ങനെ ആടുകൾക്ക് ഈ ഫാം ഒരുപറുദീസയാണ്.
നാട്ടിലെങ്ങാനും പ്ളാവ് ഒടിഞ്ഞുവീണാലും ആടുകൾക്ക് പിന്നെ കോളാണ്.
മരുന്നിനും കുഞ്ഞുങ്ങൾക്ക് കൊടുക്കാനുമായി ആട്ടിൽ പാൽ തിരക്കി ധാരാളം പേർ ഇവിടെ വരാറുണ്ട്. പാലിനും നല്ല വിലയും കിട്ടും. പാരമ്പര്യമായി കർഷക കുടുബമാണ് ജയശ്രീയുടേത്. നെൽകൃഷിയും പച്ചക്കറി കൃഷിയും പശുവളർത്തലും ഇപ്പോഴും ഉണ്ട്. കൂടാതെ നാടൻ മത്സ്യക്കൃഷിയുമുണ്ട്.
പൊതുരംഗത്തും സജീവം
മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൃഷ്ണവിലാസത്തിൽ ജയശ്രീ
സർവീസ് കാലത്ത് എൻ.ജി. ഒ അസോസിയേഷൻ നേതാവായിരുന്നു. പിന്നീട് കെ.ജി.ഒ എ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ആലപ്പുഴ ഡി.സി.സി മെമ്പർ, മുഹമ്മ എൻ.എസ്.എസ് കരയോഗം വനിതാ സംഘം പ്രസിഡന്റ്, പെരുന്തുരുത്ത് വടക്കേകരി കർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ പിന്തുണയുമായി ഭർത്താവും വിമുക്തഭടനുമായ പി.ജി.വിശ്വനാഥൻനായരും ഒപ്പമുണ്ട്. മക്കൾ: ഭാനുപ്രിയ, സുസ്മിത.