ഹോട്ടലുകളിലെ മലിനജലം സംസ്കരിക്കാൻ ജപ്പാൻ വിദ്യ
ആലപ്പുഴ : നഗരത്തിലെ ഹോട്ടലുകളിലെ മലിനജലം സംസ്കരിക്കുന്നതിന് ജപ്പാൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്ളാന്റ് തയ്യാറായി. സംസ്ഥാന സർക്കാരിന്റെ ദ്രവമാലിന്യ പരിപാലന നയങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം ആരംഭിച്ചു. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ മികച്ച സ്റ്റാർട്ടപ്പുകളിൽ സ്ഥാനം പിടിച്ച സ്ക്വാസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ചതാണ് ലോറിയിൽ സജ്ജീകരിച്ച സഞ്ചരിക്കുന്ന സംസ്കരണ സംവിധാനം. പരീക്ഷണാടിസ്ഥാനത്തിൽ വഴിച്ചേരിയിലാണ് ഇപ്പോൾ പ്ളന്റ് പ്രവർത്തിപ്പിക്കുന്നത്.
ജലം ശുദ്ധീകരിച്ച് ഓടകളിലേക്ക് ഒഴുക്കുകയോ ചെടികൾ നനക്കുകയോ ചെയ്യാം. സംസ്കരിച്ച മലിനജലം ജലാശയത്തിലേക്ക് ഒഴുക്കണമെങ്കിൽ അതിലെ ബി.ഒ.ഡി (ബയോകെമിക്കൽ ഓക്സിഡൻ ഡിമാന്റ്) 10 പി.പി.എം (പാർട്സ് പെർ മില്യൺ) വരെയേ ആകാൻ പാടുള്ളു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം. പ്ളാന്റിൽ സംസ്കരിച്ച വെള്ളത്തിലെ ബി.ഒ.ഡി അഞ്ചാണ്.
ഒരുലിറ്ററിന് 30 പൈസ്
ഒരു ലിറ്റർ മലിനജനം ടാങ്കറിൽ കൊണ്ടുവന്ന് ശുദ്ധീകരിക്കുന്നതിന് 60 പൈസയും പ്ലാന്റിൽ നേരിട്ട് എത്തിച്ചാൽ ശുദ്ധീകരിക്കുന്നതിന് 30 പൈസയുമാണ് ചാർജ്
ആലപ്പുഴ നഗരസഭ, ഹരിത കേരളം മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ, കെ.എച്ച്.ആർ.എ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി
എണ്ണയുടെ അംശം കൂടുതലുള്ളതിനാൽ ഹോട്ടലിലെ മലിനജലം സംസ്കരിച്ചെടുക്കാൻ കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിലും ബുദ്ധിമുട്ടാണ്
ഒരുദിവസം എത്ര ലിറ്റർ മലിനജലം വേണമെങ്കിലും സംസ്കരിക്കാം. ടാങ്കറിൽ അളവ് കൂട്ടാനുള്ള സജ്ജീകരണങ്ങളുണ്ട്
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം കാണ്ടുവരുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ഇടക്കിടെ ജലം പരിശോധിക്കുന്നുണ്ട്. വിജയം കണ്ടാൽ ഒരുമാസത്തിനുള്ളിൽ പദ്ധതി പൂർണ തോതിൽ ആരംഭിക്കാം
- കെ.എസ്. രാജേഷ്, ഹരിതകേരളം മിഷൻ
ജില്ലാ കോഓർഡിനേറ്റർ