റാഫേലിൽ കുതിച്ച് മുർമു; പിറന്നത് ചരിത്രം

Thursday 30 October 2025 12:25 AM IST

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി റാഫേൽ യുദ്ധവിമാനം ചരിത്രത്തിലേക്ക് കുതിച്ചു. വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങളിൽ യാത്ര ചെയ്‌ത ആദ്യ രാഷ്ട്രപതിയായി മുർമു. 2023 ഏപ്രിലിൽ സുഖോയ് വിമാനത്തിൽ പറന്നിരുന്നു.

ഇന്നലെ രാവിലെ 11.27നാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തിൽ നിന്ന് റാഫേൽ പറന്നുയർന്നത്. വ്യോമസേനയുടെ 17ാം സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ അമിത് ഗെഹാനിയാണ് പറത്തിയത്. സേനയുടെ ജി സ്യൂട്ടും (ഫ്ലൈറ്റ് സ്യൂട്ട്) ഹെൽമെറ്റും ധരിച്ച മുർമു, വിമാനം ടേക്ക് ഓഫ് ചെയ്യവെ കൈ വീശി.

സമുദ്രനിരപ്പിൽ നിന്ന് 15000 അടി ഉയരെ, 700 കിലോമീറ്റർ വേഗതയിൽ റാഫേൽ പാഞ്ഞു. 200 കിലോമീറ്റോളം സഞ്ചരിച്ച് അരമണിക്കൂറിന് ശേഷം മടങ്ങിയെത്തി. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് മറ്റൊരു റാഫേലിൽ സർവ സൈന്യാധിപയെ പിന്തുട‌ർന്നിരുന്നു.

യുദ്ധവിമാനത്തിൽ യാത്ര ചെയ്‌ത രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് മുർമു. 2009ൽ പ്രതിഭാ പാട്ടീൽ സുഖോയ് വിമാനത്തിൽ പറന്നിരുന്നു. യുദ്ധവിമാനത്തിൽ യാത്രചെയ്ത ആദ്യ രാഷ്ട്രപതി എ.പി.ജെ. അബ്‌ദുൽ കലാമാണ്. 2006ൽ 74-ാമത്തെ വയസിൽ.

മറക്കാനാകാത്ത അനുഭവം. രാജ്യത്തിന്റെ പ്രതിരോധ ശേഷിയിൽ അഭിമാനം

- രാഷ്ട്രപതി ദ്രൗപദി മുർമു

ശിവാംഗിയുടെ പേരുവച്ചുള്ള

പാകിസ്ഥാന്റെ തള്ള് പൊളിച്ചു

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ വെടിവച്ചിട്ട് ഇന്ത്യയുടെ വനിതാ ഓഫീസറെ പിടികൂടിയെന്ന് കള്ളക്കഥ മെനഞ്ഞ പാകിസ്ഥാൻ ഇന്നലെ ലോകത്തിനു മുന്നിൽ നാണംകെട്ടു. സിയാൽകോട്ടിന് സമീപം വിമാനം വെടിവച്ചിട്ട് സ്‌ക്വാഡ്രൻ ലീ‌ഡർ ശിവാംഗി സിംഗിനെ പിടികൂടിയെന്നായിരുന്നു വീരവാദം. അതേ ശിവാംഗി സിംഗിനൊപ്പം രാഷ്ട്രപതി ഇന്നലെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. റാഫേൽ പറത്തിയ ആദ്യ വനിതാ പൈലറ്റാണ് ശിവാംഗി.