നെടുമങ്ങാട്ടെ സംഘർഷം: ആംബുലൻസിന് തീയിട്ട 3 എസ്.ഡി.പി.ഐക്കാർ അറസ്റ്റിൽ

Thursday 30 October 2025 1:24 AM IST

## ഇതുവരെ പിടിയിലായത് 5 എസ്.ഡി.പി.ഐക്കാരും 4 ഡി.വൈ.എഫ്.ഐക്കാരും

നെടുമങ്ങാട്: ജില്ല ആശുപത്രി ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐയുടെ ആംബുലൻസ് കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാങ്ങോട് വില്ലേജിൽ പഴവിള നൂർ മൻസിലിൽ എസ്.അബ്ദുൽ സമദ് (26),കരകുളം വില്ലേജിൽ കുമ്മിപ്പള്ളി എസ്.എൻ മൻസിലിൽ എച്ച്.നാദിർഷ (31),നെടുമങ്ങാട് വില്ലേജിൽ പത്താംകല്ല് എലികോട് കുന്നുംപുറത്ത് വീട്ടിൽ ഇ.അൽത്താഫ് ഹുസൈൻ (41) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 21ന് രാത്രി പത്തോടെ അഴീക്കോട് ജംഗ്ഷനിൽവച്ച് സി.പി.എം മുക്കോല ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.ഇതിൽ പ്രകോപിതരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുമ്മി പള്ളിക്ക് സമീപം താമസിക്കുന്ന സമദ്,നദിർഷാ എന്നിവരുടെ വീടിനും സമദിന്റെ ആംബുലൻസിനും നേരെ ആക്രമണം നടത്തി. തുടർന്നാണ് പുലർച്ചെ ഒന്നോടെ ആശുപത്രി ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ.എഫ്.ഐയുടെ സർവീസ് ആംബുലൻസ് കത്തിച്ചത്.

ഒളിവിൽ കഴിഞ്ഞ പ്രതികളെ നെടുമങ്ങാട് എ.എസ്.പി അച്യുത് അശോകിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ രാജേഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐക്കാരും, വീടുകൾക്കും എസ്.ഡി.പി.ഐയുടെ ആംബുലൻസിനും കേടുപാടു വരുത്തിയ കേസിൽ നാല് ഡി.വൈ.എഫ്.ഐക്കാരും കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. സംഘർഷത്തിൽ അഞ്ച് എസ്.ഡി.പി.ഐക്കാരും നാല് ഡി.വൈ.എഫ്.ഐക്കാരും അടക്കം ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.