കൂൺകഴിച്ച് ആശുപത്രിയിലായിരുന്ന ആളുടെ വീട്ടിൽ മോഷണം

Thursday 30 October 2025 1:55 AM IST

വെള്ളറട: അമ്പൂരിയിൽ കൂൺകഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പൂരി കാരിക്കുഴി സെറ്റിൽമെന്റിൽ മോഹനൻകാണിയുടെ വീട്ടിൽ മോഷണം. രണ്ടുപേർ പിടിയിൽ. അമ്പൂരി പറത്തി റോഡരികത്ത് വീട്ടിൽ ലിനു (28),​ കാരിക്കുഴി കിഴക്കേക്കരവീട്ടിൽ ടോണി (28)​ എന്നിവരെയാണ് നെയ്യാർ ഡാം പൊലീസ് പിടികൂടിയത്. ഒരാഴ്ചയിലേറെയായി കുടുംബാംഗങ്ങൾ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇവർ വീട്ടിലെത്തിയത്. അപ്പോഴാണ് മോഷണവിവരം അറിയുന്നത്. റബർ ഷീറ്റും,​ ഒട്ടുപാലും പാക്കുമാണ് മോഷ്ടിച്ചത്. മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ കിട്ടാനുണ്ട്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.