തിടുക്കപ്പെട്ട് എന്തിന് കരാർ ഒപ്പിട്ടു: വി.ഡി.സതീശൻ
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.എം.ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെക്കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരും. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപ സമിതി ? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി ഐ യെ വിദഗ്ദ്ധമായി പറ്റിച്ചു.ഇത് മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് . ഇടതുമുന്നണിയിൽ സി പി ഐയെക്കാൾ സ്വാധീനം ബി ജെ പി ക്കാണെന്ന് സംശയമില്ലാതെ തെളിഞ്ഞു. ആരാണ് ബ്ലാക്ക്‌മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലി കഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.
സി.പി.എമ്മിനും സി.പി.ഐക്കും ഒരേ ഹൃദയം: സജി ചെറിയാൻ
രണ്ട് പാർട്ടികളാണെങ്കിലും സി.പി.ഐക്കും സി.പി.എമ്മിനും ഒരേ ഹൃദയമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. സി.പി.ഐ ഉന്നയിച്ച സംശയങ്ങളും ആശങ്കകളും ചർച്ച ചെയ്യും. പി.എം ശ്രീ പദ്ധതിയുടെ പണം സ്വീകരിക്കുന്നതിലൂടെ ഏതെങ്കിലും പ്രത്യേക താത്പര്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന വിഷയമാണ് വിദ്യാഭ്യാസം. സനേഹത്തോടെയും ഐക്യത്തോടെയുമാണ് മുന്നണി സംവിധാനം മുന്നോട്ടുപോകുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ അഴിമതി വിഷയം വഴിമാറ്റുന്നതിനാണ് ഈ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
പി.എം ശ്രീ പിൻവാങ്ങൽ ആത്മഹത്യാപരം: പി.കെ.കൃഷ്ണദാസ്
പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള കേരള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. പാവപ്പെട്ട കുട്ടികളുടെ മൗലികാവകാശത്തിന്റെ നിഷേധമാണിത്. സി.പി.ഐ ആവശ്യപ്പെട്ടതു കൊണ്ടാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയതെന്ന് കരുതുന്നില്ല. തീവ്രവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിലാണ് സർക്കാർ കീഴടങ്ങിയത്. പദ്ധതി കേരളത്തിൽ നടപ്പാക്കും വരെ ബി.ജെ.പി പ്രക്ഷോഭം നടത്തും. മെസ്സിയുടെ പേരിൽ പോലും സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിച്ച് തീവെട്ടിക്കൊള്ള നടത്താൻ ശ്രമിക്കുകയാണ്. ഇതേക്കുറിച്ച് അന്വഷണം വേണം. മുട്ടിൽ മരം മുറിക്ക് പിന്നിലുള്ളവരുമായി സർക്കാരിന് ബന്ധമുണ്ടെന്നും.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.