വായുവിൽ ഈർപ്പം കുറവ്, ഡ​ൽ​ഹി​യി​ൽ​ കൃത്രിമ മഴയ്‌ക്കുള്ള ശ്രമം പരാജയപ്പെട്ടു

Thursday 30 October 2025 12:26 AM IST

ന്യൂ‌ഡൽഹി: വായുവിൽ ഈർപ്പം കുറഞ്ഞ സാഹചര്യത്തിൽ ഡ​ൽ​ഹി​യി​ൽ​ കൃത്രിമ മഴയ്‌ക്കുള്ള ശ്രമം പരാജയപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയാൻ ബുറാറി, കരോൾ ബാഗ്, മയൂർ വിഹാർ, ബാദ്ലി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച നടത്തിയ പരീക്ഷണം ഫലപ്രദമായില്ല. വായുവിൽ ഈർപ്പം കുറവായതിനാൽ ഇന്നലെയും പരീക്ഷണം നടത്താൻ ഐ.ഐ.ടി കാൺപൂരിന് സാധിച്ചില്ല. മികച്ച കാലാവസ്ഥാ സാഹചര്യമുണ്ടായാൽ വീണ്ടും കൃത്രിമ മഴയ്‌ക്ക് ശ്രമിക്കുമെന്ന് ഐ.ഐ.ടി കാൺപൂർ ഡയറക്‌ടർ മനീന്ദ്ര അഗ്രവാൾ വ്യക്തമാക്കി. നാലു മാസത്തിലധികം നീളുന്ന രാജ്യതലസ്ഥാനത്തെ ശൈത്യകാല സമയത്ത് 12 തവണയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ 25 കോടിയിൽപ്പരം ചെലവാകുമെന്നാണ് കണക്ക്. ഡൽഹിയിലെ വായു നിലവാര സൂചിക 'മോശം" വിഭാഗത്തിൽ തുടരുകയാണ്.

രാഷ്ട്രീയ വാക്പോരും

ഡൽഹി ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തി. പി.ആർ സ്റ്റണ്ടെന്ന് ആരോപിച്ചു. ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും കുറ്റപ്പെടുത്തി. ആരോപണങ്ങൾ തള്ളിയ ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ, വായുവിലെ ഈർപ്പത്തിന്റെ നില വർദ്ധിച്ചാലുടൻ അടുത്ത ട്രയൽ നടത്തുമെന്ന് പ്രതികരിച്ചു.