രാഹുലും തേജസ്വിയും ഒന്നും മോഹിക്കണ്ട: അമിത് ഷാ
പട്‌ന: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മകൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് മകൻ തേജസ്വിയെ മുഖ്യമന്ത്രിയുമാക്കാൻ ശ്രമിക്കുകയാണെങ്കിലും നടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് പദവികളിലും ഒഴിവില്ലെന്ന് ബീഹാറിലെ ബെഗുസരായിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു. 'ഇന്ത്യ' മുന്നണിയിൽ കുടുംബവാഴ്ചയും അഴിമതിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നിരവധി യുവാക്കൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. പക്ഷേ ആർ.ജെ.ഡിയിലും കോൺഗ്രസിലും അങ്ങനെയല്ല. തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു ആഗ്രഹിക്കുന്നു. സോണിയ ഗാന്ധി മകൻ രാഹുൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി പദവും ബിഹാറിൽ മുഖ്യമന്ത്രി പദവും ഒഴിഞ്ഞുകിടപ്പില്ലെന്ന് അവരെ ഒാർമ്മിപ്പിക്കട്ടെ. രാഹുൽ ഗാന്ധി ആഗസ്റ്റിൽ വോട്ടർ അധികാർ യാത്ര നടത്തിയ ശേഷം ബിഹാറിൽ നിന്ന് മുങ്ങിയെന്നും അദ്ദേഹം കളിയാക്കി.
ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം ബീഹാറിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് ബിഹാറികളുടെ റേഷനും ധാന്യവും ജോലിയും പങ്കിടണമോ എന്ന് അദ്ദേഹം ചോദിച്ചു. കുടിയേറ്റക്കാരുടെ വോട്ടുപയോഗിച്ച് ലാലുവും രാഹുലും ഇന്ത്യാ വിരുദ്ധ സർക്കാരാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൽ മാത്രമല്ലെന്നും സംസ്ഥാനത്തിന്റെ ഭാവിക്കായുള്ള ഒരു പോരാട്ടമാണെന്നും അമിത് ഷാ പറഞ്ഞു. തെറ്റി വോട്ടു ചെയ്‌ത് ബീഹാറിനെ 20 വർഷം പിന്നോട്ട് തള്ളരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ബിഹാർ യാഥാർത്ഥ്യമാക്കാൻ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.