അറിയാത്ത നമ്പറിൽ നിന്ന് കോളോ?​ സി.എൻ.എ.പി വരുന്നു

Thursday 30 October 2025 12:29 AM IST

ന്യൂഡൽഹി: അറിയാത്ത നമ്പറിൽ നിന്നാണോ കോൾ ? ഇനി രാജ്യാന്തര ആപ്പായ ട്രൂകോളറിൽ പരതേണ്ട. വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുതിയ സംവിധാനവുമായി വരുന്നു. കോളിംഗ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നതാണ് സംവിധാനത്തിന്റെ പേര്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശുപാർശ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) അംഗീകരിച്ചു. ടെലികോം കമ്പനികളുടെ പക്കലുള്ള ഡേറ്റബേസ് ഉപയോഗിക്കും. സിം എടുക്കുന്ന സമയത്ത് നൽകുന്ന പേരായിരിക്കും സ്ക്രീനിൽ തെളിയുക. ആധാറുമായി ബന്ധിപ്പിക്കുന്നതുകൊണ്ടുതന്നെ,​ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്‌താൽ മേൽവിലാസം അടക്കം കണ്ടെത്താൻ പൊലീസിന് അനായാസം കഴിയും. തട്ടിപ്പുകളും,​ സ്ത്രീകളെ ശല്യം ചെയ്യലും അടക്കം തടയാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടാനും സിം എടുത്തയാൾക്ക് കഴിയും. സ്വകാര്യത എന്ന ഭരണഘടനാവകാശം മുൻനിറുത്തിയാണത്. ടെലികോം കമ്പനികൾക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

രാജ്യത്ത് സ്‌മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും സി.എൻ.എ.പി സേവനം ലഭ്യമാക്കും

രാജ്യത്ത് ചില മേഖലകളിൽ പരീക്ഷണം ആരംഭിച്ചു

തിരഞ്ഞെടുത്ത 4ജി, 5ജി നെറ്റ്‌വർക്കുകളിലാണ് പരീക്ഷണം