മഹാഐക്യം പ്രകടമാക്കി സംയുക്തറാലി, വോട്ടിനായി നാടകം കളിക്കാനും മോദി മടിയ്ക്കില്ല: രാഹുൽ
ന്യൂഡൽഹി: വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച ഓളം, സീറ്റ് ചർച്ചയിലൂടെ നഷ്‌ടമാക്കിയെന്ന വിമർശനത്തിനിടെ മഹാസംഖ്യത്തിനായി ബീഹാറിൽ സംയുക്ത റാലി നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും.
സാമൂഹിക നീതി, ജാതി സെൻസസ്, വോട്ട് മോഷണം, മറ്റ് പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി രാഹുൽ ആഞ്ഞടിച്ചപ്പോൾ, ഒരുകുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി അടക്കം വാഗ്‌ദാനങ്ങളും നിതീഷ് സർക്കാരിന്റെ വീഴ്‌ചകളും തേജസ്വി ചൂണ്ടിക്കാട്ടി. മുസാഫർപൂരിലെ സക്രയിലും ധർബംഗയിലും റാലി നടന്നു.
പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ പലതവണ കടന്നാക്രമിച്ചു. നിതീഷിന്റെ റിമോട്ട് കൺട്രോൾ ബി.ജെ.പിയുടെ കൈവശമാണെന്നും അദ്ദേഹത്തിന്റെ മുഖം മാത്രമാണ് അവർ ഉപയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു. നിതീഷിന് പ്രായമായതിനാൽ ബി.ജെ.പിയും മൂന്നുനാല് പേരും ചേർന്നാണ് എല്ലാം നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി വോട്ടിനുവേണ്ടി വേദിയിൽ നൃത്തം ചെയ്യാനും നാടകം കളിക്കാനും തയ്യാറാകുമെന്നും പറഞ്ഞു.
ഡൽഹിയിൽ ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് കുളിക്കാൻ കൃത്രിമ തടാകം നിർമ്മിച്ചതിനെയും രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രിക്ക് ശുദ്ധജലവും തൊട്ടടുത്ത് സാധാരണക്കാർക്ക് കുളിക്കാൻ മലിന ജലവുമൊരുക്കിയ കേന്ദ്രം 'രണ്ട് ഇന്ത്യ'നിർമ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി എല്ലാ വിഭാഗങ്ങളുടെയും സർക്കാർ രൂപീകരിക്കും. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാല ബീഹാറിന് നൽകുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. മറ്റ് നാടുകളിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ബീഹാറികളെ സ്വന്തം നാടിനുവേണം. ബിഹാറികൾ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനുള്ള സാഹചര്യം ഇല്ലാതാക്കുമെന്ന് രാഹുലും തേജസ്വിയും വാഗ്‌ദാനം ചെയ്‌തു.
ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയും വി.ഐ.പി നേതാവുമായ മുകേഷ് സഹാനി, കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ, മഹാസഖ്യ നേതാക്കളായ ഐ. പി. ഗുപ്ത, അഖിലേഷ് പ്രസാദ് സിംഗ്, രാജേഷ് റാം തുടങ്ങിയവരും പങ്കെടുത്തു.