വിയോജിപ്പുകളെ നിശബ്‌ദമാക്കുന്നു, വാങ്‌ചുക്കിന്റെ ഭാര്യ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ലഡാക്ക് സമരനേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്‌ചുക്കിനെ ജയിലിലിടച്ചത് വിയോജിപ്പുകളെ നിശബ്‌ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ആരോപിച്ച് ഭാര്യ ഗീതാജ്ഞലി ജെ. ആംഗ്‌മോ സുപ്രീംകോടതിയിൽ. വാങ്‌ചുക്കിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയതിനെ ചോദ്യംചെയ്‌ത് ഗീതാജ്ഞലി സമർപ്പിച്ച ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണിത്. ക്രമസമാധാനവും പൊതുസുരക്ഷയെന്ന ആശങ്ക മുൻനിർത്തിയല്ല തടങ്കൽ. വാങ്‌ചുക്ക് പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ല. ലഡാക്കിന്റെ സംസ്ഥാനപദവിക്കായി സമാധാനപൂർവ്വമായ നിരാഹാരസമരം നടത്തുക മാത്രമായിരുന്നുവെന്ന് ഭാര്യ അറിയിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിനും ലഡാക്ക് ഭരണകൂടത്തിനും നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. നവംബർ 24ന് വീണ്ടും പരിഗണിക്കും. ലഡാക്ക് പ്രക്ഷോഭത്തിനിടെ സെപ്‌തംബർ 24നുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. സോനം വാങ്‌ചുക്കിനെ സെപ്‌തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്.