ചർച്ചാകേന്ദ്രങ്ങളായി എ.കെ.ജി സെന്ററും എം.എൻ സ്മാരകവും

Thursday 30 October 2025 1:44 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ആസ്ഥാനങ്ങളായ എ.കെ.ജി സെന്ററും, എം.എൻ സ്മാരകവും കേന്ദ്രീകരിച്ച് ഇന്നലെ നടന്നത് നിർണായക നീക്കങ്ങൾ.

ഇരു പാർട്ടികളുടെയും പ്രധാന നേതാക്കൾ രാവിലെ ആസ്ഥാനങ്ങളിലെത്തിയിരുന്നു. കടുത്ത നടപടികളിലേക്ക് നീങ്ങുമോയെന്ന ആകാംക്ഷയുമായി മാദ്ധ്യമ പ്രവർത്തകരുടെ സംഘവും നിലയുറപ്പിച്ചിരുന്നു. എ.കെ.ജി സെന്ററിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ തുടങ്ങിയവർ രാവിലെ മുതൽ പരസ്പരം ആശയവിനിമയം നടത്തുകയും മറ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ടെലഫോണിൽ സംസാരിക്കുകയും ചെയ്തു. എം.എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും രാവിലെ മുതൽ മറ്റ് നേതാക്കളുമായി ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, പി.പ്രസാദ് എന്നിവരും രാവിലെ എം.എൻ സ്മാരകത്തിലെത്തി. ഇരു ഭാഗത്തും ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ ദേശീയ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് കൂടുതൽ ചർച്ചകളിലേക്ക് കടന്നത്. വിഷയത്തിൽ മഞ്ഞുരുകലിന് സാദ്ധ്യത തെളിഞ്ഞതോടെ, ഉച്ചയോടെ സി.പി.ഐ നേതാക്കൾ എ.കെ.ജി സെന്ററിലെത്തി.