നാശംവിതച്ച് മെലീസ
ഹവാന: ജമൈക്കയിലും ക്യൂബയിലും കനത്ത നാശംവിതച്ച് മെലീസ ചുഴലിക്കാറ്റ്. ചൊവ്വാഴ്ച മണിക്കൂറിൽ 185 മൈൽ വേഗതയിൽ ജമൈക്കൻ തീരംതൊട്ട മെലീസ, രാജ്യത്ത് വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. നിരവധി വീടുകൾ തകർന്നു. കനത്ത മഴയുടെ ഫലമായി റോഡുകൾ ഒലിച്ചുപോയി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. 4 മരണമാണ് ജമൈക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ഉയരാമെന്നാണ് മുന്നറിയിപ്പ്.
തുടർന്ന് ഇന്നലെ മണിക്കൂറിൽ 115 മൈൽ വേഗതയിൽ ക്യൂബയിലെത്തിയ മെലീസ, അവിടെയും കനത്ത നാശം വിതച്ചു. 7 ലക്ഷം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിപ്പിച്ചു. ക്യൂബയുടെ കിഴക്കൻ മേഖലകളിൽ വൈദ്യുതി വിതരണം താറുമാറായി. ഇതിനിടെ, ഹെയ്‌തിയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 25 പേർ മരിച്ചു. നിലവിൽ വടക്കു കിഴക്കൻ ദിശയിലേക്ക് നീങ്ങുന്ന മെലീസ ബഹമാസിലും ബെർമുഡയിലും ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.