ഗാസയിൽ കൊല്ലപ്പെട്ടത് 104 പേർ : വെടിനിറുത്തൽ തുടരും എന്ന് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ 13 മണിക്കൂറോളം വ്യോമാക്രമണം നടത്തിയതിനുശേഷം വെടിനിറുത്തൽ കരാർ പാലിക്കുമെന്ന് ഇസ്രയേൽ. അപ്രതീക്ഷിതമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടതോടെ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ 104 പേരാണ് കൊല്ലപ്പെട്ടത്. വെടിനിറുത്തൽ പുനഃസ്ഥാപിച്ചെന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30ന് (ഇന്ത്യൻ സമയം) ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചതാണ് കാരണമെന്നും പ്രകോപനമുണ്ടായാൽ ഇനിയും ആക്രമിക്കുമെന്നും മുന്നറിയിപ്പും നൽകി. വെടിനിറുത്തൽ തകർച്ചയുടെ വക്കിലല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു.
രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ കഴിഞ്ഞ പത്തിനാണ് ട്രംപ് ആവിഷ്കരിച്ച സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നത്. ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. 'യെല്ലോ ലൈൻ" എന്ന നിയന്ത്രണ രേഖ സൃഷ്ടിച്ചാണ് ഇസ്രയേൽ സൈന്യം ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച, ഹമാസ് യെല്ലോ ലൈൻ മറികടന്ന് സൈനികരെ ആക്രമിച്ചെന്നാണ് ഇസ്രയേൽ പറയുന്നത്. അതേസമയം, ആരെയും ആക്രമിച്ചിട്ടില്ലെന്നും ഇസ്രയേൽ കാരണങ്ങളുണ്ടാക്കുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. വെടിനിറുത്തൽ പാലിക്കാൻ പ്രതിജ്ഞാബന്ധമാണെന്നും പറഞ്ഞു.
# കൊല്ലപ്പെട്ടത് 46 കുട്ടികൾ
ആക്രമണം വീണ്ടും തുടങ്ങിയത് പ്രാദേശിക സമയം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ
ചൊവ്വാഴ്ച തെക്കൻ ഗാസയിലെ റാഫയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു.
പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരിച്ചടി പ്രഖ്യാപിച്ചു
ഗാസ സിറ്റി, ബെയ്റ്റ് ലാഹിയ, ബുറെയ്ജ്, നുസൈറത്ത്, ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രയേൽ ബോംബിട്ടു
ആക്രമണം ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ
46 കുട്ടികളും 20 സ്ത്രീകളും അടക്കം 104 മരണമെന്ന് ഹമാസ്. 250ലേറെ പേർക്ക് പരിക്ക്
ഈ മാസം 19നും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. 46 പേർ കൊല്ലപ്പെട്ടു.
# മൃതദേഹം മറച്ചുവച്ചു
തടവിലിരിക്കെ കൊല്ലപ്പെട്ട 13 ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിന് വിട്ടുകൊടുക്കാനുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുക പ്രയാസമാണെന്നും സഹായം വേണമെന്നും ഹമാസ് പറയുന്നു. എന്നാൽ പല മൃതദേഹങ്ങളും ഹമാസിന്റെ കൈയെത്തും ദൂരത്തുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ബന്ദികളിൽ ഒരാളുടെ മൃതദേഹം ഹമാസ് അംഗങ്ങൾ തകർന്ന ഒരു പ്രദേശത്ത് എത്തിച്ച് മറച്ചുവയ്ക്കുന്നതിന്റെ വീഡിയോ ഇസ്രയേൽ പുറത്തുവിട്ടു (വീഡിയോയുടെ ആധികാരികത വ്യക്തമല്ല). തുടർന്ന് റെഡ് ക്രോസിനെ വിളിച്ചുവരുത്തിയ ശേഷം മൃതദേഹം കണ്ടെത്തിയെന്ന് ഹമാസ് അവകാശപ്പെടുകയും റെഡ് ക്രോസ് വഴി തങ്ങൾക്ക് കൈമാറിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
# അവർ (ഹമാസ്) ഒരു ഇസ്രയേലി സൈനികനെ വധിച്ചു. അതിനാൽ ഇസ്രയേൽ തിരിച്ചടിച്ചു. അങ്ങനെ സംഭവിക്കുമ്പോൾ, അവർ തിരിച്ചടിക്കണം. ഇതൊന്നും വെടിനിറുത്തൽ കരാറിന് ഭീഷണിയാകില്ല
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്