യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലയാളി കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ
ബംഗളൂരു: വാഹനം ഉരസിയതിന്റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. മലയാളിയായ മനോജ് കുമാർ (32), കാശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ്മ (30) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലെ പുട്ടേനഹള്ളിയിൽ ഒക്ടോബർ 25-ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്കും പ്രതികളായ ദമ്പതികൾ സഞ്ചരിച്ച കാറിന്റെ സൈഡ് മിററും തമ്മിൽ ഉരസിയതിനെ ചൊല്ലിയാണ് സംഭവത്തിന്റെ തുടക്കം. ദർശൻ ക്ഷമപറഞ്ഞ് ബൈക്ക് ഓടിച്ചു പോയെങ്കിലും പ്രകോപിതരായ ദമ്പതികൾ ഇവരെ പിന്തുടരുകയായിരുന്നു.
രണ്ട് കിലോമീറ്ററോളം പിന്തുടർന്നെത്തിയാണ് ദമ്പതികൾ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ദർശനും വരുണും റോഡിലേക്ക് തെറിച്ചുവീണു. വരുൺ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ ദർശൻ മരിക്കുകയായിരുന്നു. ദമ്പതികൾ ആദ്യ ശ്രമത്തിൽ യുവാക്കളെ ഇടിക്കാൻ ശ്രമിച്ചെങ്കിലും അത് പാളിപ്പോയി. ഉടൻ തന്നെ യൂ-ടേൺ എടുത്ത പ്രതികൾ വീണ്ടും ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ദമ്പതികൾ പിന്നീട് മുഖംമൂടി ധരിച്ച് തിരികെ എത്തുകയും റോഡിൽ വീണ് കിടന്ന കാറിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ച ശേഷം വീണ്ടും രക്ഷപ്പെടുകയുമായിരുന്നു. ആദ്യം വാഹനാപകടമായിട്ട് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊലപാതകമായി പൊലീസ് മാറ്റിയെഴുതി. മനോജ് കുമാറിനും ആരതി ശർമ്മക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. ദർശനെ ഇടിച്ചു വീഴ്ത്തിയ സമയം മനോജ് ഒറ്റയ്ക്കായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു.