15കാരിയെ തട്ടിക്കൊണ്ടുപോയി കാറിൽവച്ച് ബലാത്സംഗം ചെയ്‌തു; നാല് യുവാക്കൾക്കെതിരെ കേസ്

Thursday 30 October 2025 11:04 AM IST

ചണ്ഡീഗഡ്: 15കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. ഹരിയാനയിലാണ് സംഭവം. വീട്ടിൽ നിന്ന് കടയിലേക്ക് പോയ പെൺകുട്ടിയെയാണ് നാല് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഓൾഡ് ഫരീദാബാദ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഒക്‌ടോബർ 26 ഞായറാഴ്‌ച വൈകിട്ട് ഏഴ് മണിക്കാണ് കുട്ടിയെ കാണാതായത്. മോമോസ് കഴിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്കിറങ്ങിയ കുട്ടി തിങ്കളാഴ്‌ച പുലർച്ചെ 4.30ഓടെയാണ് വീട്ടിലേക്കെത്തിയത്. യുവാക്കൾ തന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റിയ ശേഷം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്‌തുവെന്ന് കുട്ടി വീട്ടുകാരോട് തുറന്നുപറഞ്ഞു. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

ഉടൻതന്നെ കുട്ടിയെയും കൂട്ടി കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പെൺകുട്ടി ഇപ്പോഴും മൊഴി രേഖപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.