പേടിയുള്ളവർ വായിക്കരുത്; മരണശേഷവും ശരീരം ചലിക്കും, ആദ്യം അഴുകുന്നത് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗം
മരണം എന്നത് ഇഷ്ടപ്പെടുന്നവർ ആരെങ്കിലും ഉണ്ടാവുമോ? സാദ്ധ്യത തീരെയില്ല. ആരും ഇഷ്ടപ്പെടാത്തതും പേടിക്കുന്നതുമായ ഒന്നാണ് മരണം. ജീവിച്ചിരിക്കുന്ന മനുഷ്യനെ പേടിയില്ലെങ്കിലും അവന് ജീവൻ നഷ്ടമായാൽ എല്ലാവരും പേടിക്കും. ചില വിശ്വാസങ്ങളും അനുഭവങ്ങളുമാണ് ഇതിനുകാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. നമ്മൾ എത്രസുന്ദരമായി കൊണ്ടുനടന്ന ശരീരമായാലും മരിച്ച് അല്പം കഴിയുമ്പോൾ തന്നെ അഴുകാൻ തുടങ്ങും. വേണ്ടരീതിയിൽ മറവുചെയ്തില്ലെങ്കിൽ അസഹ്യമായ ഗുർഗന്ധമായിരിക്കും ഫലം. മരിച്ചുകഴിഞ്ഞാൽ മിനിട്ടുകൾക്കുള്ളിൽ തന്നെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങും. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇതിനെക്കുറിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള പലരും വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
തണുപ്പൻ മരണം
ശ്വാസം നിലയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില അന്തരീക്ഷ ഊഷ്മാവിന് തുല്യമാകും. ജീവനുള്ളപ്പോൾ ശരീരതാപനില 98.6 ഡിഗ്രി ഫാരൻ ഹീറ്റാണെന്ന് അറിയാമല്ലോ? താപനില കുറയുന്നതിനൊപ്പം ശരീരത്തിനുള്ളിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്ക് ഒഴുകിയെത്തും. തൂങ്ങിമരണംപോലുളള സന്ദർഭങ്ങളിൽ രക്തം കാലിലേക്കായിരിക്കും ഒഴുകുന്നത്. അല്ലാതുള്ള മരണങ്ങളിൽ ശരീരത്തിന്റെ അടിഭാഗത്തേക്കും. ത്വക്കിലെ നിറവ്യത്യാസത്തിലൂടെ ഇത് തിരിച്ചറിയാം. ആദ്യം ചെറിയ ഭാഗത്തുകാണുന്ന നിറവ്യത്യാസം ക്രമേണ കീഴ്‌ഭാഗത്താകമാനം സംഭവിക്കും. മരണം കഴിഞ്ഞ് 12മണിക്കൂറോളം മൃതദേഹം ഒരേനിലയിൽ കിടന്നാൽ നിറവ്യത്യാസം ഉറയ്ക്കും.
മരണം സംഭവിച്ച് അല്പം കഴിയുന്നതോടെ ശരീരത്തിലെ മൂക്ക്, കണ്ണ്, ചെവി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ചെറിയതോതിൽ സ്രവങ്ങൾ വന്നുതുടങ്ങും. സ്രവങ്ങൾ പുറത്തേക്ക് ഒഴുകിവരാതിരിക്കാനാണ് മൂക്കിൽ പഞ്ഞിവയ്ക്കുന്നത്.
മരിച്ചശേഷവും ചലിക്കും
മരിച്ചശേഷവും ശരീരം ചലിക്കുന്നത് കണ്ടുവെന്ന് ചിലപ്പോഴൊക്കെ പലരും പറയുന്നതുകേട്ടില്ലേ? ഇത് ശരിക്കും സംഭവിക്കുന്നതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മരിച്ചശേഷം ഒരേസമയം ഒന്നിലധികം പേശികളുടെ പെട്ടെന്നുള്ള സങ്കോചംമൂലം ശരീരം കോച്ചിവലിക്കുന്നതുപോലുളള അവസ്ഥയിലൂടെ കടന്നുപോകുന്നതാണ് ഇത്. ഈ കോച്ചിവലിയൽ നേരിൽ കാണുകയാണെങ്കിൽ പേടിക്കാൻ സാദ്ധ്യതയുണ്ട്. ഇതിനെയാണ് മരിച്ചശേഷവും ശരീരം ചലിച്ചുവെന്ന് പലരും പറയുന്നത്. മരണശേഷം മറ്റുശരീരഭാഗങ്ങളിലേതുപോലെ മുഖത്തെ പേശികളും അയഞ്ഞുതുടങ്ങും. ഇതോടെ മുഖം പരന്നതുപോലെയാവും എന്നാണ് ചിലർ പറയുന്നത്. മാസവും പേശികളും എല്ലുകളിൽ നിന്ന് വേർപെട്ടുതുടങ്ങുന്നതോടെ ശരീരത്തിലെ തൊലി അയഞ്ഞതായി കാണപ്പെടും.
കഠിനം അഴുകൽ
മരിച്ച് അല്പം കഴിയുന്നതോടെ ശരീരത്തിന്റെ മണം മാറിത്തുടങ്ങും. ശവശരീരത്തിന് ഒരിക്കലും മനുഷ്യന്റെ സ്വാഭാവിക ഗന്ധമായിരിക്കില്ല ഉണ്ടാവുന്നത്. ജീവനില്ലാത്ത ശരീരത്തിലെ കോശങ്ങൾ പുറപ്പെടുവിക്കുന്ന എൻസൈമുകളാണ് ഇതിന് കാരണം. ശരീരം അഴുക്കുന്നതിന് അണുക്കളെ ആകർഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചില മെഡിക്കൽ വിദഗ്ദ്ധർ പറയുന്നത്. ഈ ഗന്ധത്തിൽ ആകൃഷ്ടരായി എത്തുന്ന അണുക്കളും പൂപ്പലുകളും പ്രവർത്തിച്ച് ശരീരം അഴുകിത്തുടങ്ങും.
അടിവയറിന്റെ ഭാഗത്തുനിന്നാണ് ആദ്യത്തെ അഴുകൽ തുടങ്ങുന്നതെന്നാണ് ചിലർ പറയുന്നത്. അതല്ല പിൻഭാഗമാണെന്നും ചിലർ പറയുന്നുണ്ട്. മരണശേഷം രോഗപ്രതിരോധശേഷി പൂർണമായി നശിക്കുന്നതിനാൽ ശരീരത്തിനുളളിൽ തന്നെയുളള സുഷ്മാണുക്കളും അഴുക്കലിന്റെ ഭാഗമാവും.കുടലുകൾക്ക് അകത്തുളള അണുക്കൾ കുടുലുകളെ അകത്തുനിന്ന് പുറത്തേക്ക് ദഹിപ്പിച്ചുതുടങ്ങുന്നു. തുടർന്ന് കരളിലേക്കും പ്ലീഹയിലേക്കും തലച്ചേറിലേക്കും ഹൃദയത്തിലേക്കുമെല്ലാം വ്യാപിക്കുന്നു. മാംസം ഭക്ഷിക്കുന്ന ഈച്ചകളുടെ ലാർവകളാണ് അഴുകിയ മൃതദേഹത്തിന് ദുർഗന്ധമുണ്ടാക്കുന്നത്.
ഓരോ ഈച്ചയും കുറഞ്ഞത് 250 മുട്ടകളാണ് ഇടുന്നത്.24മണിക്കൂറുനുള്ളിൽ ഇവ വിരിയുന്നു. ചെറിയ പുഴുക്കളുടെ രൂപത്തിലാവും ഇവ. അഴുകിയ മാംസം കഴിച്ച് ഇവ വലുതാവുകയും പ്യൂപ്പാവസ്ഥയിലേക്ക് കടന്ന് ഈച്ചകളായി മാറുകയും ചെയ്യുന്നു. തുടർന്നും ഇത്തരം പ്രവൃത്തി ആവർത്തിച്ചുകൊണ്ടിരിക്കും. അതോടെ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ പൂർണമായി ഇല്ലാതാകും.
മാംസം അഴുകിത്തുടങ്ങിയാൽ ശേഷിക്കുന്നത് എല്ലുകളാണ്. വർഷങ്ങൾക്കുശേഷമായിരിക്കും എല്ലുകൾ ദ്രവിച്ചുതീരുന്നത്. ശരീരത്തിലെ മുടി ഇല്ലാതാകാനും ഏറെ സമയമെടുക്കും.