ആഹാരം നൽകിയില്ല, തിളച്ചവെള്ളം സ്വകാര്യ ഭാഗത്ത് ഒഴിച്ചു: ആറുവയസുകാരിയെ കൊന്ന അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
കൊച്ചി: കോഴിക്കോട്ട് ആറുവയസുകാരി അദിതി എസ് നമ്പൂതിരിയെ ക്രൂര ശാരീരിക പീഡനത്തിന് വിധേയയാക്കിയും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. സുബ്രഹ്മണ്യൻ നമ്പൂതിരി, റംല ബീഗം (ദേവിക അന്തർജനം) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികൾ രണ്ടുലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി തള്ളുകയായിരുന്നു. വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടുംമൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരെ സർക്കാരാണ് അപ്പീൽ നൽകിയത്. പെൺകുട്ടിയുടെ സഹോദരന്റെ മൊഴി പരിഗണിക്കുമ്പോൾ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നും ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ജസ്റ്റിസുമാരായ വി രാജാവിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹത്തിലെ മകൾ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്തുവയസുകാരനായ ഒരു മകനും ഈ ബന്ധത്തിലുണ്ട്. ആദ്യഭാര്യ റോഡപകടത്തിൽ മരിച്ചതോടെ 2011ൽ റംല ബീഗത്തെ (ദേവിക അന്തർജനം) വിവാഹം കഴിച്ചത്. ആദ്യഭാര്യയുടെ മരണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴായിരുന്നു വിവാഹം. ആൾമാറാട്ടം നടത്തി മാലകവർന്നകേസിലെ പ്രതിയാണ് ദേവിക.
രണ്ടുകുട്ടികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രൂരപീഡനമാണ് ദേവിക നടത്തിയത്. ഭക്ഷണംപോലും നൽകാതെ കഠിനമായ ജോലികൾ ചെയ്യിക്കുകയും അദിതിയുടെ സ്വകാര്യഭാഗങ്ങളിൽ തിളച്ചവെള്ളമൊഴിക്കുകയും ചെയ്തു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റെങ്കിലും ചികിത്സ നൽകാൻപോലും അവർ കൂട്ടാക്കിയില്ല. തുടർന്നാണ് കുട്ടി മരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നു എന്നും അച്ചടക്കം പഠിക്കുന്നതിനായി പരിക്കേൽപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് വിചാരണക്കോടതി വിലയിരുത്തിയത്. മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും പ്രതിഭാഗത്തിന്റെ വാദത്തിനാണ് മുൻതൂക്കം നൽകിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്.