പരീക്ഷയില്ലാതെ സർക്കാർ ജോലി! ശമ്പളം 78,000 രൂപ; 63 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം

Thursday 30 October 2025 12:35 PM IST

മലപ്പുറം ജില്ലാ ആരോഗ്യ - കുടുംബക്ഷേമ സൊസൈറ്രി സ്റ്രാഫ് നഴ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ ഒന്ന് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. രണ്ട് തസ്‌തികകളിലും ഒരു ഒഴിവ് വീതമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ മലപ്പുറം ജില്ലയിലെ ആരോഗ്യ - കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലാകും നിയമനം.

കരാർ അടിസ്ഥാനത്തിലാകും നിയമനം. പാലിയേറ്റീവ് കെയർ വിഭാഗത്തിലാണ് സ്റ്റാഫ് നഴ്‌സ് ഒഴിവ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 40 വയസിന് താഴെയായിരിക്കമം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,500 രൂപ ശമ്പളമായി ലഭിക്കും. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള ബിഎസ്‌സി നഴ്‌സിംഗും പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സിൽ അടിസ്ഥാന സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള ജിഎൻഎമ്മും പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സിലെ അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്‌സും ഉള്ളവർക്ക് അപേക്ഷിക്കാം.

സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർ അനസ്‌‌തെറ്റിസ്റ്റ് വിഭാഗത്തിലാണ് രണ്ടാമത്തെ ഒഴിവ്. 63 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 78,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അംഗീകൃത സർവകലാശാലയിൽ നിന്ന് അനസ്‌തേഷ്യയിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും എംബിബിഎസിനും ബിരുദാനന്തര ബിരുദത്തിനും ടിസിഎംസി / കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിൽ സ്ഥിരം രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഇതിന് അപേക്ഷാ ഫീസോ എഴുത്ത് പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.