സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ സൂക്ഷിച്ചോളൂ; കർശന നടപടിയുമായി പൊലീസ്

Thursday 30 October 2025 12:53 PM IST

ബംഗളൂരു: സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. അവർക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ബംഗളൂരു പൊലീസ്. കൃത്യമായ രേഖകളില്ലാതെ ഫോണുകൾ വാങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ഇത്തരം ഇടപാടുകൾ സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങൾക്ക് ഉണ്ടാക്കിയേക്കാമെന്നും പൊലീസ് അറിയിച്ചു.

രേഖകളില്ലാതെ ഫോൺ വാങ്ങിയാൽ പണവും ഫോണും നഷ്ടമാകുമെന്നും പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. നിങ്ങളുടെ കൈവശമുള്ള ഫോൺ ചിലപ്പോൾ മോഷ്ടിക്കപ്പെട്ടതായിരിക്കാമെന്നും നിങ്ങൾ നൽകുന്ന പണം മോഷ്ടാക്കളുടെ കൈവശമായിരിക്കാം എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒന്നരമാസത്തിനിടെ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുപോയതോ ആയ 1950 ഫോണുകളാണ് സിറ്റി പൊലീസ് കണ്ടെത്തിയത്. ഐഎംഇഐ നമ്പരുകൾ ഉപയോഗിച്ച് ഫോൺ എവിടെയാണെന്ന് ട്രാക്ക് ചെയ്യാനാകും. സെക്കൻഡ് ഹാൻഡ് ഫോൺ വിൽപ്പനക്കാരിൽ നിന്ന് മോഷണം പോയ ഫോണാണെന്ന് അറിയാതെ വാങ്ങിയവരാണ് പിടിയിലായവരിൽ ഭൂരിഭാഗം പേരും. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇപ്പോൾ ഉപയോഗിക്കുന്നവരോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.