അന്യഗ്രഹ ജീവികൾ പുറത്തല്ല, ഭൂമിയിൽ തന്നെയുണ്ട്; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

Thursday 30 October 2025 1:40 PM IST

ലോകം എത്ര തന്നെ വികസിച്ചെന്ന് പറഞ്ഞാലും ഇന്നും ഉത്തരം കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. അതിൽ ഒന്നാണ് അന്യഗ്രഹ ജീവികൾ. ഭൂമിയെ പോലെ മറ്റൊരു ഭൂമിയും അതിൽ ജീവന്റെ അംശവും കാണുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി പല പരീക്ഷണങ്ങളും നടത്താറുണ്ടെങ്കിലും തെളിവുകൾ ഇന്നും വിദൂരമാണ്.

ഇപ്പോഴിതാ അന്യഗ്രഹ ജീവികളെകുറിച്ചുള്ള പുതിയ സിദ്ധാന്തമാണ് ഏറെ ചർച്ചയാകുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരുടേതാണ് സിദ്ധാന്തം. നമ്മൾ തെറ്റായ ദിശയിലാണ് അന്യഗ്രഹ ജീവിയെ നോക്കുന്നതെന്നും അവ ബഹിരാകാശത്തല്ല മറിച്ച് ഭൂമിയിൽ തന്നെയുണ്ടെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്. ഹാർവാർഡ് സർവകലാശയുടെ ഹ്യൂമൻ ഫ്‌ളറിഷിംഗ് പ്രോഗ്രാമിൽ നിന്നുള്ള പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

സിദ്ധാന്തത്തിൽ പറയുന്നത് ഇങ്ങനെ

അന്യഗ്രഹ ജീവികൾ ഭൂമിക്കടിയിലോ ചന്ദ്രനിലോ മറഞ്ഞിരിക്കുന്നുണ്ടാവാമെന്നും അതല്ലെങ്കിൽ മനുഷ്യർക്കിടയിൽ തന്നെ ജീവിക്കുന്നുണ്ടാവാമെന്നും സിദ്ധാന്തം സൂചിപ്പിക്കുന്നത്. എന്നാൽ ഈ സിദ്ധാന്തം വിശദമായ പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ഭൂമിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അജ്ഞാത പറക്കും വാഹനങ്ങളെ ഭൂമിയിൽ ആരും അറിയാതെ ജീവിക്കുന്ന അന്യഗ്രഹജീവികളുമായി ബന്ധിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. 'ക്രിപ്‌റ്റൊടെറസ്‌ട്രിയൽസ്' എന്നാണ് ഈ ജീവികളെ ഗവേഷകർ വിളിക്കുന്നത്. ചിലപ്പോൾ നാല് വ്യത്യസ്ത രൂപത്തിലായിരിക്കും ഇവ ഭൂമിയിൽ താമസിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

  1. വളരെക്കാലം മുൻപ് തന്നെ തുടച്ചുനീക്കപ്പെട്ടതും എന്നാൽ ഇപ്പോഴും രഹസ്യമായി നിലനിൽക്കുന്നതുമായ ഒരു പുരാതന വികസിത മനുഷ്യ നാഗരികതയുടെ പിൻമുറക്കാരായി കഴിയുന്ന മനുഷ്യ ക്രിപ്‌റ്റൊടെറസ്‌ട്രിയലുകൾ.
  2. ഹൊമിനിഡ് ക്രിപ്‌റ്റോടെറസ്‌ട്രിയൽസ് എന്ന് വിളിക്കുന്ന കുരങ്ങിനെ പോലെ ബുദ്ധിയുള്ള മനുഷ്യേതര ജീവികളോ ഭൂമിക്കടിയിൽ ജീവിക്കാൻ പഠിച്ച പരിണാമം സംഭവിച്ച ദിനോസറുകൾ ഉൾപ്പടെയുള്ള തെറോപോഡ് ക്രിപ്‌റ്റോടെറസ്‌ട്രിയൽസ്.
  3. ഹോർമാർ എക്സ്ട്രാടെറസ്ട്രിയൽ ആണ് മൂന്നാമത്തേത്. മറ്റൊരു ഗ്രഹത്തിൽ നിന്നോ ഭൂമിയുടെ ഭാവികാലത്തിൽ നിന്നോ വന്നവയാകാം ഇവ. ഭൂമിയിലോ ചന്ദ്രനിലോ അവ മറഞ്ഞിരിക്കാം.
  4. മാജിക്കൽ ക്രിപ്‌റ്റോടെറസ്‌ട്രിയൽസ്, സാങ്കേതിക വിദ്യയെ ആശ്രയിക്കാതെ നിഗൂഢവും മാന്ത്രികവുമായ രീതിയിൽ മനുഷ്യരുമായി ഇടപഴകുന്ന മിത്തുകളിലുള്ളതിന് സമാനമായ ജീവികൾ ആണിവ ( മാലാഖ, എൽഫ്സ്, നിംഫുകൾ).

മനുഷ്യർ ചിന്തിക്കുന്ന രൂപത്തിലായിരിക്കില്ല ഇവയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനാലാണ് നമ്മുക്ക് അന്യഗ്രഹ ജീവിയെ തിരിച്ചറിയാൻ കഴിയാത്തത്. എന്നാൽ ഈ സിദ്ധാന്തം എത്രത്തോളം ശരിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ സിദ്ധാന്തം ഇപ്പോഴും പല ഗവേഷകരും അംഗീകരിച്ചിട്ടില്ല. ഇതിൽ കൂടുതൽ പഠനം നടത്തിയാൽ മാത്രമേ സത്യാവസ്ഥ കണ്ടെത്താൻ കഴിയും. ഇതിന് മുൻപും ഇത്തരം അവകാശവാദം ഉന്നയിച്ച് പല ഗവേഷകരും രംഗത്ത് വന്നിട്ടുണ്ട്.

യു എസ് ഇന്റലിജൻസ് ഓഫീസർ

ഭൂമിയിൽ അന്യഗ്രഹ ജീവികൾ മറഞ്ഞിരിക്കുന്നുണ്ടെന്നും ഇവ മാനവ രാശിക്ക് ഭീഷണിയാണെന്നുമുള്ള വിചിത്ര വാദവുമായി മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ വർഷങ്ങൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ അടക്കം സേവനം അനുഷ്ഠിച്ച മുൻ യുഎസ് സൈനികൻ കൂടിയായ ലൂയീസ് എലിസോണ്ടോയാണ് പ്രതികരണം നടത്തിയത്.

ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നത് യു.എസ് ഭരണകൂടത്തിന് അറിവുള്ളതാണ്. എന്നാൽ അതിന്റെ തെളിവുകൾ അധികൃതർ മറയ്ക്കുന്നെന്നും ലൂയീസ് ആരോപിച്ചത്. ഇക്കാര്യങ്ങൾ വിവരിക്കുന്ന 'ഇമിനെൻറ്റ് - ഇൻസൈഡ് ദ പെന്റഗൺസ് ഹണ്ട് ഫോർ യു.എഫ്.ഒസ്" എന്ന പുസ്തകം 52കാരനായ അദ്ദേഹം രചിച്ചു.

അന്യഗ്രഹജീവികളുടെ അസ്ഥിത്വത്തിന്റെ തെളിവുകൾ ഭൂമിയിലുണ്ട്. യു.എസിന് അവ ലഭിച്ചിട്ടുണ്ട്. എന്നാൽ, ജനങ്ങളിൽ ഭീതിയുണ്ടാകുമെന്ന് കരുതി പെന്റഗൺ ഉദ്യോഗസ്ഥർ ഇത് രഹസ്യമാക്കി വച്ചിരിക്കുന്നു. ആകാശത്തെ അജ്ഞാത വസ്തുക്കൾ മനുഷ്യനിർമ്മിതമല്ല. പ്രപഞ്ചത്തിലെ ബുദ്ധിജീവികൾ മനുഷ്യർ മാത്രമല്ലെന്നും അദ്ദേഹം പറയുന്നു.