ട്രെയിനിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്ത് യുവതിയുടെ പ്രതിഷേധം; കാരണം പഴ്സ് മോഷണം പോയതിലുള്ള ദേഷ്യം
ന്യൂഡൽഹി: പഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് രോഷാകുലയായ യുവതി ട്രെയിനിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) സഹായം ലഭിക്കാത്തതിലുള്ള അമർഷമാണ് സംഭവത്തിന് കാരണമായത്. ഇൻഡോറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ പഴ്സ് നഷ്ടമായത്. ഉടൻ തന്നെ യുവതി സഹായത്തിനായി ആർപിഎഫിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് വിവരം. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട യുവതി ട്രേ എടുത്ത് എസി കമ്പാർട്ടുമെന്റിന്റെ ചില്ലു ജനലിൽ തുടരെ തുടരെ അടിക്കാൻ തുടങ്ങുകയായിരുന്നു.
ട്രെയിനിനുള്ളിൽ ഉണ്ടായിരുന്ന സഹയാത്രികരും റെയിൽവേ ഉദ്യോഗസ്ഥരും ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ചെറിയ കുട്ടിയോടൊപ്പം സീറ്റിലിരുന്ന് യുവതി ട്രേ ഉപയോഗിച്ച് ജനൽച്ചില്ല് അടിച്ചു തകർക്കുന്നത് വീഡിയോയിൽ കാണാം. ചില്ലു കഷണങ്ങൾ സീറ്റിലും തറയിലും ചിതറിത്തെറിക്കുന്നുണ്ട്. പുറത്തു നിന്നും അകത്തു നിന്നുമുള്ള ആളുകൾ ഇത് നോക്കി നിൽക്കുകയും ചെയ്യുന്നത് വീഡീയോയിൽ കാണാം. ആരാണ് പഴ്സ് എടുത്തതെന്ന് വീഡിയോ റെക്കാർഡ് ചെയ്യുന്നയാൾ യുവതിയോട് ചോദിക്കുമ്പോൾ, തനിക്കറിയില്ലെന്നാണ് അവർ മറുപടി നൽകുന്നത്.
ട്രെയിനിന് കേടുപാടുകൾ വരുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ യുവതി ഉറക്കെ പ്രതികരിച്ചത് ഇങ്ങനെയാണ്: 'എനിക്ക് എന്റെ പഴ്സ് വേണം, അത്രയേ ഉള്ളൂ. ആർപിഎഫിനോട് പോയി പറയൂ. മറ്റൊന്നും എനിക്കറിയില്ല'. ഒന്നിലധികം പേർ അഭ്യർത്ഥിച്ചിട്ടും അവർ ജനൽ തകർക്കുന്നത് തുടർന്നു. ആർപിഎഫിനെ വിളിച്ചിട്ടുണ്ടെന്നും പഴ്സ് തിരികെ കിട്ടുമെന്നും ഒരാൾ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ പഴ്സ് തരൂ. തനിക്ക് വേറെ ഒന്നും അറിയേണ്ട എന്ന് ആവർത്തിച്ചു കൊണ്ട് യുവതി ജനൽ ചില്ലുകൾ തകർക്കുന്നത് തുടർന്നു.
അതേസമയം യുവതിക്ക് ഭ്രാന്താണ്, എവിടെ നിന്നാണ് ഇവർ വന്നതെന്ന് ഒരാൾ വീഡിയോയിൽ പറയുന്നതും കേൾക്കാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
कल इंदौर से दिल्ली जाने वाली ट्रेन में एक महिला का पर्स चोरी हो जाता है,फिर वह RPF वालों से मदद मांगती है और RPF उसकी पर्स ढूंढने में कोई मदद नहीं करती है,उसके बाद महिला गुस्से में विंडो का कांच तोड़ने लगती है,महिला को रेलवे के कर्मचारी रोकते रहते हैं लेकिन महिला नहीं रुकती… pic.twitter.com/Oi9lCjm8Bt
— Pramod Yadav (@PRAMODRAO278121) October 29, 2025