മൺചട്ടി വിലകൂടിയ നോൺസ്റ്റിക്ക് പാത്രംപോലെയാക്കാം, വേണ്ടത് അല്പം തേയിലയും വെളിച്ചെണ്ണയും
മുന്തിയതരം നോൺസ്റ്റിക്ക് പാത്രങ്ങൾക്ക് കൈപൊള്ളുന്ന വിലയാണ്. വിലകുറഞ്ഞ പാത്രം വാങ്ങിയാൽ ചുരുങ്ങിയ സമയംകൊണ്ട് കോട്ടിംഗ് ഇളകി ഉപയോഗ ശൂന്യമാവുകയും ചെയ്യും. ഇതൊരു വലിയ പ്രതിസന്ധിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ മറികടക്കുകയും ചെയ്യാം.
മൺചട്ടി നോൺസ്റ്റിക്കിന് സമാനമാക്കി ഉപയോഗിക്കുകയാണ് ഈ എളുപ്പവഴി. അതെങ്ങനെയെന്ന് നോക്കാം. വാങ്ങിയ പുത്തൻ മൺചട്ടി വൃത്തിയായി കഴുകി അടുപ്പത്തുവയ്ക്കുക.അതിലേക്ക് നിറയെ വെള്ലമൊഴിക്കണം. ഇനി വെള്ളത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ തേയില ചേർക്കുക. തുടർന്ന് മീഡിയം ഫ്ളെയിമിൽ വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ തീ ഓഫുചെയ്തശേഷം തണുക്കാനായി മാറ്റിവയ്ക്കാം. തണുത്തെന്ന് ഉറപ്പായാൽ തേയില കുറുകിയ വെള്ളം മുഴുവൻ കളഞ്ഞ് പാത്രം നന്നായി കഴുകുക.
ഇനിയാണ് ടോപ്പ് സീക്രട്ട്. തേയിലവെള്ളം കളഞ്ഞ് കഴുകി വൃത്തിയാക്കിയ പാത്രത്തിലേക്ക് അല്പം ഗോതമ്പുമാവോ കടലമാവോ ഇട്ടശേഷം സ്പോഞ്ചുകൊണ്ട് പാത്രത്തിന് ഉൾവശമാകെ തേച്ചുപിടിപ്പിക്കണം.സ്പോഞ്ചിനുപകരം തുണിയും ഉപയോഗിക്കാം.കുറച്ചുസമയമെടുത്ത് ചെയ്യുന്നത് നന്നായിരിക്കും. പിന്നീട് ഇത് കഴുകിക്കളഞ്ഞശേഷം തുണികൊണ്ട് നന്നായി തുടച്ച് വൃത്തിയാക്കുക. ജലാംശം അല്പംപോലും ഇല്ലെന്ന് ഉറപ്പിച്ചശേഷം പാത്രത്തിലേക്ക് വെളിച്ചെണ്ണയൊഴിച്ച് എല്ലാഭാഗത്തേക്കും നന്നായി തേച്ചുപിടിപ്പിക്കാം. ഇനി ഈ മൺചട്ടി ഉപയോഗിച്ചുനോക്കൂ. എത്ര വിലകൂടിയ നോൺസ്റ്റിക്കും ഇതിന്റെ അടുത്തുവരില്ല. ഉപയോഗിക്കുന്തോറും ഗുണമേന്മ കൂടുകയും ചെയ്യും. മൺചട്ടിയിൽ പാകം ചെയ്യുന്നതിനാൽ ഗുണവും രുചിയും കൂടുമെന്ന മെച്ചവും കിട്ടും.