ബ്യൂട്ടീഷനൊന്നുമല്ല, വിവാഹത്തിനെത്തി ദിവസം സമ്പാദിക്കുന്നത് 89,000 രൂപ; ചെയ്യുന്നത് അധികമാരും കേട്ടിട്ടില്ലാത്ത ജോലി
വിവാഹ ചടങ്ങിലും മറ്റും കൊച്ചുകുട്ടികളെക്കൊണ്ട് പങ്കെടുക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. പാർട്ടിയ്ക്കിടെ എല്ലാവരും ഡാൻസ് കളിക്കുമ്പോൾ കുട്ടികളെയെടുത്ത് മാറി നിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ മാതാപിതാക്കളും ബന്ധുക്കളും നൃത്തം ചെയ്യുമ്പോൾ സ്ത്രീയും സംഘവും കുട്ടികളെ പരിപാലിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെയും ഒരു പ്രൊഫഷൻ ഉണ്ടോയെന്നായിരുന്നു ഏവരും ചിന്തിച്ചത്.
വെഡ്ഡിഗ് നാനി
ഇങ്ങനെയൊരു ജോലിയുണ്ടെന്ന് മാത്രമല്ല, വമ്പൻ തുകയാണ് കസ്റ്റമേഴ്സിൽ നിന്ന് ഇവർ കൈപ്പറ്റുന്നത്. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി ' വെഡ്ഡിംഗ് നാനി' ജോലി ചെയ്യുന്ന സാന്ദ്ര വെയ്ൻ ഈ ജോലിയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു.കുട്ടികളെ നോക്കുന്നതിലൂടെ പ്രതിദിനം 88,000 രൂപയിലധികം സാന്ദ്ര സമ്പാദിക്കുന്നുണ്ട്.
11 വർഷത്തിലേറെയായി സാന്ദ്ര ബേബി സിറ്റിംഗ് ജോലി ചെയ്യുന്നു. പക്ഷേ 2024 ലെ ഒരു ലളിതമായ പരിപാടി യുവതിയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. വിവാഹ ചടങ്ങ് നടക്കുമ്പോൾ നാല് കുട്ടികളെ നോക്കാൻ യുവതിയെ നിയമിച്ചു. പരിപാടിയിലുടനീളം രാത്രിയടക്കം കുട്ടികളെ ഇതുപോലെ നോക്കുമോയെന്ന് അതിഥികൾ ചോദിച്ചു.അപ്പോഴാണ് വെഡ്ഡിംഗ് നാനി എന്ന ആശയം ഉടലെടുത്തതെന്ന് യുവതി പറയുന്നു.
ഇപ്പോൾ സാന്ദ്രയും സംഘവും നാനി എന്നെഴുതിയ കറുത്ത ടീഷർട്ട് ധരിച്ചാണ് സാന്ദ്രയും സംഘവും വിവാഹ ചടങ്ങുകൾക്കെത്തുക. മാതാപിതാക്കൾക്ക് യാതൊരു സമ്മർദ്ദവുമില്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കാം. 12 മണിക്കൂർ ഓൺസൈറ്റ് ചൈൽഡ് കെയർ പാക്കേജ് ഏകദേശം 88,000 രൂപ മുതലാണ് ആരംഭിക്കുന്നത്. സമയം കൂട്ടാനും വലിയ ഗ്രൂപ്പുകൾക്ക് കൂടുതൽ നാനിമാരെ ചേർക്കാനോ ഉള്ള ഓപ്ഷനുകൾ ഉണ്ട്. ചിലപ്പോൾ ഒരു ഡസൻ കുട്ടികൾക്ക് നാല് നാനിമാർ വരെ എത്തുന്നു. ജോലി ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ കുട്ടിയ്ക്ക് എന്തെങ്കിലും അലർജിയുണ്ടോ, പെരുമാറ്റം എങ്ങനെയാണെന്നടക്കമുള്ള കാര്യങ്ങൾ കസ്റ്റമേഴ്സിനോട് ചോദിച്ച് സാന്ദ്ര മനസിലാക്കും. ഇന്ത്യയിൽ നാനി അല്ലെങ്കിൽ ആയകൾ എന്ന ആശയം ഒട്ടും പുതിയതല്ല. കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ് ഇത്, അന്ന് സമ്പന്നരായ ഇന്ത്യൻ, ബ്രിട്ടീഷ് വീടുകളിൽ കുട്ടികളെ നോക്കാൻ ആയകളെ ഏൽപ്പിച്ചിരുന്നു. അവർ പലപ്പോഴും കുടുംബത്തോടൊപ്പം താമസിക്കുകയും കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുകയും ചെയ്തുപോന്നു. എന്നാൽ വെഡ്ഡിംഗ് സമയത്ത് മാത്രം കുഞ്ഞുങ്ങളെ നോക്കുന്നവരാണ് വെഡ്ഡിംഗ് നാനി. ഇന്ന് കൂടുതലും അണുകുടുംബങ്ങളാണ്. മാതാപിതാക്കൾ ജോലിക്കാരായതിനാൽത്തന്നെ കുഞ്ഞുങ്ങളെ നോക്കാൻ നാനിമാരെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. മുമ്പ് എപ്പോഴും സഹായത്തിനായി ഉണ്ടായിരുന്ന മുത്തശ്ശിമാർക്കോ കൂട്ടുകുടുംബത്തിനോ പകരം, പരിശീലനം ലഭിച്ചതും വിശ്വസനീയവുമായ നാനിമാർ കുട്ടികളെ പരിപാലിക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത.
പരിശീലനം ലഭിച്ച നാനിമാർക്കും വേണ്ടിയുള്ള ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുടുംബങ്ങൾക്ക് വിശ്വസനീയവും കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനായി നിരവധി സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നാനിമാരെ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾക്കും മനസമാധാനമാണ്.
കുട്ടികളെ നോക്കാൻ കാര്യത്തിൽ, ഇന്ത്യയിൽ എല്ലാവരും പ്രൊഫഷണൽ ആയമാരെ ആശ്രയിക്കുന്നില്ല. ചെറിയ പട്ടണങ്ങളിലോ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന അറിയാവുന്ന കുടുംബങ്ങളിൽ നിന്നോ ആയമാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്.