കോടികളുടെ ആസ്തി, നിരവധി ഹിറ്റ് ചിത്രങ്ങൾ, നയിക്കുന്നത് ലളിതമായ ജീവിതം; പ്രിയ സംവിധായകന്റെ യാത്ര മാരുതി 800ൽ
ഒന്നോ രണ്ടോ സിനിമകൾ ചെയ്യുമ്പോൾ തന്നെ വിലകൂടിയ കാറുകൾ വാങ്ങിക്കൂട്ടുന്ന നിരവധി പേരുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് പ്രശസ്ത സംവിധായകൻ നാഗ് അശ്വിൻ. മഹാനടി, കൽക്കി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മലയാളികളടക്കം നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.
മുൻനിര സംവിധായകരിൽ ഒരാളാണ് നാഗ് അശ്വിൻ ഇപ്പോൾ. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ സിനിമകൾ ചെയ്യുന്നയാൾ. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെങ്കിലും നാഗ് അശ്വിൻ ഇപ്പോഴും ലളിതമായ ജീവിതമാണ് നയിക്കുന്നത്. ഇത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള, സാധാരണക്കാരുടെ കാറായി കണക്കാക്കുന്ന മാരുതി 800ൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്ന നാഗ് അശ്വിൻ ആണ് വീഡിയോയിലുള്ളത്.
ജാതി രത്നലു എന്ന ചിത്രത്തിലും നാഗ് അശ്വിൻ ഇതേ കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ കാര്യത്തിൽ മാത്രമല്ല, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുൾപ്പടെ ഈ ലാളിത്യം കാണാനാകും. വീഡിയോ വൈറലായതോടെ സംവിധായകന്റെ ലളിതമായ ജീവിതത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നാഗ് അശ്വിൻ വന്ന വഴി മറന്നില്ലെന്നാണ് പലരും മാതൃകയാക്കേണ്ടതാണെന്നൊക്കെയാണ് കമന്റുകൾ.