ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ നാലിന്, കാർത്തിക സ്‌തംഭം ഉയർത്തൽ നവംബർ 23ന്
തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഡിസംബർ നാലിനാണ് പൊങ്കാല. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർത്തൽ നവംബർ 23 ഞായറാഴ്ച നടക്കും.
പുലർച്ചെ നാലിന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടി വിളക്കിലേക്ക് ദീപം പകരും. തുടർന്ന് നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.
ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.11 ന് 500ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് കുട്ടനാട് എം.എൽ എ തോമസ്. കെ. തോമറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാരിക്കും. ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.