'ആർത്തവം തെളിയിക്കണം'; വൈകിയെത്തിയ ജീവനക്കാരികളോട് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ട് മേലധികാരികൾ

Thursday 30 October 2025 5:09 PM IST

ഛണ്ഡീഗഡ്: ആർത്തവമുണ്ടെന്ന് തെളിയിക്കാനായി ജീവനക്കാരികളോട് വസ്‌ത്രം ഊരിമാറ്റ‌ാൻ ആവശ്യപ്പെട്ട് മേലധികാരികൾ. ഹരിയാനയിലെ റോഹ്ടക്കിലെ മഹർഷി ദയാനന്ദ യൂണിവേഴ്സിറ്റിയിലെ നാല് ശുചീകരണ തൊഴിലാളികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഡ്യൂട്ടിക്ക് വൈകിയെത്തിയതിനാണ് വിനോദ് കുമാർ, വിതേന്ദർ കുമാർ എന്നീ സൂപ്പർവൈസർമാർ തൊഴിലാളികളോട് മോശമായി പെരുമാറിയത്.

ഒക്‌ടോബർ 26 ന് ഹരിയാനാ ഗവർണർ അസിം കുമാർ ഘോഷ് യൂണിവേഴ്സിറ്റി കാമ്പസ് സന്ദർശിക്കാൻ എത്തിയിരുന്നു. അന്നേ ദിവസം ചില ശുചീകരണ തൊഴിലാളികൾ വൈകിയാണ് ജോലിക്ക് കയറിയത്. ഇവരിൽ ചിലർ ആർത്തവ ബുദ്ധിമുട്ടുകളാലാണ് വൈകിയതെന്ന് കാരണം പറഞ്ഞപ്പോഴാണ് വസ്‌ത്രം ഊരി മാറ്റി അത് തെളിയിക്കാൻ മേലധികാരികൾ ആവശ്യപ്പെട്ടത്.

മേലധികാരികൾ തങ്ങളിൽ ഒരാളോട് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ട ശേഷം അവർ സാനിറ്ററി പാഡ് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മറ്റൊരു ജീവനക്കാരിക്ക് നിർദ്ദേശം നൽകിയതായി വനിതാ ജീവനക്കാർ പരാതിപ്പെട്ടു. മേലധികാരികളുടെ മോശം പെരുമാറ്റത്തെ തുടർന്ന് ജീവനക്കാരികൾ ബഹളം വയ്‌ക്കാൻ തുടങ്ങി. മറ്റ് ജീവനക്കാർ കൂടി ഇവർക്കൊപ്പം ചേർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങി.

രജിസ്‌ട്രാർ കൃഷ്‌ണകാന്ത് ഗുപ്‌ത, വൈസ് ചാൻസലർ രാജ്‌വീർ സിംഗ് എന്നിവർ നേരിട്ടെത്തി സ്‌ത്രീകളോട് സംസാരിച്ചു. പരാതിയെ തുടർന്ന് കുറ്റക്കരായ വിനോദ് കുമാർ, വിതേന്ദർ കുമാർ എന്നിവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഹരിയാന വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റക്കാരെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു.