'ഞാൻ ക്രിക്കറ്റ് താരമല്ല'; അന്ന് ഒറ്റ ഡയലോഗിൽ സച്ചിൻ ടെൻഡുൽക്കർ ലാഭിച്ചത് 58 ലക്ഷം രൂപ, വെളിപ്പെടുത്തൽ
മുംബയ്: ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ആദായനികുതിയിൽ നിന്ന് 58 ലക്ഷം രൂപ ലാഭിച്ച കഥ വെളിപ്പെടുത്തി സുജിത് ബംഗാർ. ക്രിക്കറ്റ് താരമല്ല, നടനാണെന്ന് പറഞ്ഞാണ് ഇത്രയും പണം സച്ചിൻ ലാഭിച്ചതെന്നാണ് ടാക്‌സ് ബഡി എന്ന നികുതി ഉപദേശക സ്ഥാപനത്തിന്റെ ഉടമയായ സുജിത് പറഞ്ഞത്.
2002-2003 സാമ്പത്തിക വർഷത്തിലാണ് സംഭവം. ഇഎസ്‌പിഎൻ, പെപ്‌സി, വിസ എന്നിവയുടെ വിദേശ പരസ്യങ്ങളിൽ നിന്ന് സച്ചിൻ ഏകദേശം 5.92 കോടി രൂപ സമ്പാദിച്ചിരുന്നു. എന്നാൽ ആദായ നികുതി ഫയലിംഗിന്റെ സമയത്ത് ഈ തുക ക്രിക്കറ്റിൽ നിന്നുള്ള വരുമാനമായി കണക്കാക്കുന്നതിന് പകരം 30 ശതമാനം (1.77 കോടി രൂപ) ലാഭിക്കുന്നതിനായി സെക്ഷൻ 80 ആർആർ പ്രകാരം ക്ലെയിം ചെയ്യാൻ സച്ചിൻ തീരുമാനിച്ചു. വിദേശത്ത് വരുമാനം നേടുന്ന അഭിനേതാക്കൾ, എഴുത്തുകാർ, കലാകാരന്മാർ എന്നിവർ സെക്ഷൻ 80 ആർആർ പ്രകാരം നികുതി ആനുകൂല്യം നേടാറുണ്ട്.
എന്നാൽ, ആദായനികുതി അസസ്‌മെന്റ് ഓഫീസർക്ക് സച്ചിന്റെ ഈ നീക്കം ഇഷ്‌ടപ്പെട്ടില്ല. തുടർന്ന് നികുതി ഉദ്യോഗസ്ഥൻ സച്ചിന് പിഴ ചുമത്തി. ക്രിക്കറ്റ് കളിക്കാരനായതിനാൽ ഇത്തരം വരുമാനം സെക്ഷൻ 80 ആർആറിന് കീഴിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും മറ്റ് ഉറവിടങ്ങളിൽ ഉൾപ്പെടുത്തണമെന്നും കാണിച്ച് സച്ചിന് നോട്ടീസും നൽകി. എന്നാൽ, വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന സച്ചിൻ, മോഡലിംഗും അഭിനയവും തൊഴിലാണെന്നും അതിനാൽ ഇവിടെ സെക്ഷൻ 80 ആർആർ ബാധകമാണെന്നും മറുപടി നൽകി.
ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) സച്ചിന്റെ വിശദീകരണത്തോട് യോജിക്കുകയും സെക്ഷന്‍ 80 ആര്‍ആര്‍ അംഗീകരിക്കുകയും ചെയ്തു. 'അഭിനയം' ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വൈദഗ്‌ദ്ധ്യം, ഭാവന, കലാപരമായ കഴിവ് എന്നിവ ഉള്‍പ്പെടുന്ന ഏതൊരു സൃഷ്ടിപരമായ പ്രകടനവും അതില്‍ ഉള്‍പ്പെടുന്നുവെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. തുടർന്ന് വിവിധ കമ്പനികള്‍ക്കായുള്ള പരസ്യങ്ങളില്‍ സച്ചിന്‍ പ്രത്യക്ഷപ്പെടുന്നത് അഭിനയമായി കണക്കാക്കുകയായിരുന്നു. ഇതോടെ സച്ചിൻ ആദായനികുതി ഇനത്തിൽ 1.77 കോടി രൂപ ഇളവ് ലഭിക്കുകയും 58 ലക്ഷം രൂപ ലാഭിക്കുകയും ചെയ്‌തു.