അമ്മയാകാൻ പുരുഷനെ വേണം, 25 ലക്ഷം രൂപ പ്രതിഫലം; ജാതിയോ മതമോ പ്രശ്നമല്ലെന്ന് യുവതി, ഒടുവിൽ സംഭവിച്ചത്

Thursday 30 October 2025 5:48 PM IST

പൂനെ: പല തരത്തിലുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലത് ശരിയായിരിക്കും. എന്നാൽ മറ്റ് ചിലത് കബളിപ്പിക്കാൻ വേണ്ടിയായിരിക്കും. അത്തരത്തിൽ വിചിത്രമായൊരു പരസ്യം കണ്ട് അതിനുപിന്നാലെ പോയ നാൽപ്പത്തിനാലുകാരന് 11 ലക്ഷം രൂപയാണ് നഷ്ടമായത്.

പൂനെയിലെ കരാറുകാരനാണ് പണം നഷ്ടമായത്. ഗർഭം ധരിക്കാൻ ആഗ്രഹമുണ്ടെന്നും പുരുഷനെ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു പരസ്യം. ജാതിയോ മതമോ പ്രശ്നമില്ല. ഇരുപത്തിയഞ്ച് ലക്ഷം രൂപ പ്രതിഫലമായി നൽകും. മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പരസ്യം നൽകുന്നതെന്നുമായിരുന്നു യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നത്. പരസ്യത്തിനൊപ്പം ഫോൺ നമ്പരും നൽകിയിരുന്നു.

പരസ്യം കണ്ടതിന് പിന്നാലെ നാൽപ്പത്തിനാലുകാരൻ ഫോൺ നമ്പരിൽ ബന്ധപ്പെട്ടു. പുരുഷനായിരുന്നു ഫോണെടുത്തത്. ഇതൊരു ഏജൻസിയാണെന്നും അവിടത്തെ ജീവനക്കാരനാണ് താനെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. സ്ത്രീയ്‌ക്കൊപ്പം കഴിയണമെങ്കിൽ ആദ്യം ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്നും ഇയാൾ പറഞ്ഞു.

ഇതുപ്രകാരം നാൽപ്പത്തിനാലുകാരൻ ഏജൻസിയിൽ രജിസ്റ്റർ ചെയ്തു. രജിസ്‌ട്രേഷൻ ചാർജ്, ഐഡി ചാർജ് എന്നൊക്കെ പറഞ്ഞ് അവർ പണം ഈടാക്കി. ഒന്നരമാസത്തിനിടെ നൂറിലേറെ തവണകളായി 11 ലക്ഷം രൂപയോളം നൽകി. സംശയം തോന്നി യുവാവ് ചോദ്യം ചെയ്തതോടെ നമ്പർ തട്ടിപ്പുസംഘം ബ്ലോക്ക് ചെയ്തു. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.