കളിക്കള വിവാദം, ഫുട്ബാൾ മിശിഹായുടെ നാമത്തിൽ

Friday 31 October 2025 3:56 AM IST

ഴിഞ്ഞ കാലങ്ങളിൽ കായിക കേരളത്തിന്റെ അഭിമാന സ്തംഭമായിരുന്നു കൊച്ചി കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയം. കെ. കരുണാകരൻ അടക്കമുള്ള ഭരണകർത്താക്കളുടെ ഇച്ഛാശക്തിയുടെ പ്രതീകം. ജി.സി.ഡി.എ എന്ന വിശാല കൊച്ചി വികസന അതോറിറ്റിയുടെ അമൂല്യ സ്വത്ത്. എന്നാൽ നാമമാത്രമായ മത്സരങ്ങളുമായി സ്റ്റേഡിയത്തിന്റെ പ്രതാപം ക്രമേണ നഷ്ടമായി. ഈ ദുരവസ്ഥയിലേക്കാണ് പ്രത്യാശയുടെ ആരവങ്ങളുമായി 'ഫുട്ബാൾ മിശിഹ" ലയണൽ മെസിയുടെ നാമം കടന്നു വന്നത്. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലയണൽ മെസി കൊച്ചിയിൽ കാലുകുത്തുമെന്നും പ്രദർശന മത്സരം കളിക്കുമെന്നുള്ള വാർത്ത എല്ലാ മലയാളികൾക്കും പുളകമായി. സർക്കാരും സ്‌പോൺസറും ഇത് സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തി, മെസി നവംബറിൽ കൊച്ചിയിലെത്തുമെന്ന്. ടീമിന്റെ മാനേജർ അടുത്തിടെ ഗ്രൗണ്ട് സന്ദർശിക്കുകയും ചെയ്തു. എന്നാൽ നിലവാരത്തിൽ അതൃപ്തി അറിയിച്ചു കാണുമെന്ന് വേണം കരുതാൻ. അർജന്റീനയുടെ കളി നിലവാരത്തിന് അനുസൃതമായി സ്റ്റേഡിയം നവീകരിക്കുമെന്ന സ്‌പോൺസറുടെ വീരവാദം പിന്നാലെയുണ്ടായി. 70 കോടിയുടെ വികസനം എന്നെല്ലാമായിരുന്നു തള്ള്. ജി.ഡി.ഡി.എ യും മറുത്തൊന്നും പറഞ്ഞില്ല. സ്റ്റേഡിയം അവിടവിടെ പൊളിക്കുകയും മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. മെസി വരില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്റ്റേഡിയമാകട്ടെ വെളുക്കാൻ തേച്ചത് പാണ്ടായെന്ന അവസ്ഥയിലായി. സമുച്ചയത്തിലെ കച്ചവടക്കാരുടെ കച്ചവടവും മുടങ്ങി. അർജന്റീനയുടെ പേരിൽ നടന്ന ദുരൂഹ ഇടപാടുകൾക്കെതിരേ ജനപ്രതിനിധികൾ ആഞ്ഞടിച്ചു. സ്റ്റേഡിയം അനാഥമാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.

കാലക്കേടിന്റെ കളിക്കളം

നാടെങ്ങും ക്രിക്കറ്റ് ജ്വരം കൊടുമ്പിരിക്കൊണ്ട കാലഘട്ടമാണ് തൊണ്ണൂറുകൾ. രാജ്യാന്തര മത്സരങ്ങൾ നേരിൽ കാണാൻ മലയാളികളായ ഓരോ ക്രിക്കറ്റ് പ്രേമിയും കൊതിച്ചു. എന്നാൽ നിലവാരമുള്ള വേദികളുടെ അഭാവത്താൽ അന്നെല്ലാം ക്രിക്കറ്റ് മത്സരങ്ങൾ സംസ്ഥാനത്തിന് അന്യമായി. ഈ നൈരാശ്യത്തിലേക്ക് നവ പ്രതീക്ഷയുമായാണ് കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം 1996-ൽ കടന്നുവന്നത്. രാജകീയമായിത്തന്നെ. ഒരുലക്ഷം പേരെ ഉൾക്കൊള്ളുന്ന ഗാലറികൾ, രാത്രി മത്സരങ്ങൾ സാദ്ധ്യമാക്കുന്ന ഫ്ലഡ് ലിറ്റുകൾ, വിശാലമായ കോമ്പൗണ്ട്... എല്ലാം കൊച്ചിക്ക് വിസ്മയമായി. 1998-2014 വരെ 9 രാജ്യാന്തര ക്രിക്കറ്റ് മാച്ചുകൾ ഇവിടെ നടന്നു. 2005-ൽ പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തിലടക്കം 6 മാച്ചുകളിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടി. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ആസ്ത്രേലിയയുമടക്കം പ്രമുഖ ടീമുകൾ കൊച്ചിയിൽ കളിച്ചു. എന്നാൽ ഈ വൈബ് അധികനാൾ നീണ്ടുനിന്നില്ല. ക്രിക്കറ്റ് വേദികളിൽ പിന്നീട് കൊച്ചിയെ പരിഗണിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ജി.സി.ഡി.എയും തമ്മിൽ വാടകയെച്ചൊല്ലിയും മറ്റുമുണ്ടായ വടംവലികളും ഇതിന് കാരണമായി. കളിക്കളം പരിപാലിക്കാനുള്ള ഭാരിച്ച ചെലവ് താങ്ങാനാകാതെ അധികൃതർ അത് മെഗാഷോകൾക്കും മറ്റും വാടകയ്ക്കു കൊടുത്തു. ടർഫ് വിക്കറ്റുകൾ തകർന്ന്, ക്രിക്കറ്റിന് യോഗ്യമല്ലാതായി. ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമായി പുതിയ സ്റ്റേഡിയം തപ്പി നടന്നു.

ഐ.എസ്.എൽ മത്സരങ്ങളുടെ പൊൻതിളക്കത്തിലാണ് കലൂർ സ്റ്റേഡിയം സമീപവർഷങ്ങളിൽ പിടിച്ചുനിന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ സംസ്ഥാനമെങ്ങു നിന്നും ആരാധകർ ഇവിടേയ്ക്കൊഴുകിയിരുന്നു. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഒരു വേദിയാകാൻ കഴിഞ്ഞതും സൗഭാഗ്യമായി. എന്നാൽ കഷ്ടകാലം കാത്തിരിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞവർഷം തീർത്തും നിറംമങ്ങി. ആരാധകർ തന്നെ ടീമിനെ തള്ളിപ്പറഞ്ഞു. ഇതിനിടെ നടന്ന ഒരു മെഗാ നൃത്ത പരിപാടിക്കുവേണ്ടി അശാസ്ത്രീയമായി തയ്യാറാക്കിയ വേദിയിൽ നിന്ന് സ്ഥലം എം.എൽ.എ ഉമ തോമസ് കാൽതെറ്റി വീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്തതോടെ സ്റ്റേഡിയം കുപ്രസിദ്ധമായി.

മെസിയുടെ പേരിൽ പുകമറ

ലയണൽ മെസിയും ടീമും കളിക്കുന്നതോടെ സ്റ്റേഡിയം ലോകോത്തരമാകുമെന്നും നല്ലകാലം വരുമെന്നുമായിരുന്നു പ്രചാരണം. എന്നാൽ 'ജ്യോതിയും വന്നില്ല, പുകയും വന്നില്ല" എന്ന സിനിമാ ഡയലോഗ് പോലെയായി കാര്യങ്ങൾ. ആകെ ഒരു പുകമറ മാത്രം. ടീമിന്റെ സന്ദർശനത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതിൽ കള്ളക്കളിയുണ്ടെന്നും ആരോപണമുയർന്നു. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലെ സ്റ്റേഡിയം കൈമാറിയത് കരാറില്ലാതെയാണെന്നും സ്‌പോൺസറെ കണ്ടെത്താൻ സുതാര്യമായ നടപടികളുണ്ടായില്ലെന്നുമാണ് പരാതി. കായികമന്ത്രി അബ്ദുറഹ്‌മാന്റെ കത്തായിരുന്നു ഇതിന് വഴിയൊരുക്കിയത്. നവീകരണത്തിന് ചുമതലപ്പെടുത്തിയ ഏജൻസി മുമ്പ് കരിമ്പട്ടികയിൽപ്പെട്ടതാണെന്നും ആരോപണമുണ്ട്. കായിക മന്ത്രിയ്ക്കാകട്ടെ ഈ ചോദ്യം കേൾക്കുന്നത് തന്നെ ഇപ്പോൾ കലിപ്പാണ്. എല്ലാം ജി.സി.ഡി.എയുടെ തലയിൽ വച്ച് ഒഴിയുകയാണ് മന്ത്രി.

അർജന്റീന ടീം ആകട്ടെ അംഗോളയിലേക്ക് യാത്രയാവുകയാണ്. ടീം മൂന്നോ നാലോ മാസങ്ങൾക്കകം കൊച്ചിയിലെത്തുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്പോൺസറും കൂട്ടരും.

വി.വി.ഐ.പി ഗാലറികൾ, ലൈറ്റിംഗ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ എല്ലാം ഉടൻ പൂർത്തിയാക്കുമെന്നാണ് സ്‌പോൺസറുടെ അവകാശവാദം. എല്ലാം പരിഹരിക്കാനാവുമെന്നും ഇപ്പൊ ശരിയാക്കിത്തരാമെന്നുമുള്ള നിലപാടിലായിരുന്നു ജി.സി.ഡി.എയും. എന്നാൽ ഇരുകൂട്ടരും പുലിവാൽ പിടിച്ച മട്ടിലാണ്. ഡിസംബറിൽ തുടങ്ങേണ്ട ഐ.എസ്.എൽ മത്സരങ്ങൾക്ക് വേദിയൊരുക്കി തടിതപ്പാനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. നാടകങ്ങൾ തുടരുമ്പോൾ, സഹനശക്തി തരണമെന്നാണ് കായിക കേരളത്തിന്റെ പ്രാർത്ഥന!