സ്വാമി ഈശയുടെ 71-ാം ജന്മദിനാഘോഷം സ‌ഞ്ചരിക്കാം,​ സമ്പൂർണ ബോധത്തിലേക്ക്

Friday 31 October 2025 2:47 AM IST

അനുദിനം വർദ്ധിച്ചുവരുന്ന ഭൗതിക പുരോഗതിക്കും ആത്മീയശൂന്യതയ്ക്കുമിടയിൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൽ പ്രകാശസാന്നിദ്ധ്യമായി നിലകൊള്ളുന്ന ആത്മീയഗുരുവാണ് ജഗദ്‌ഗുരു സ്വാമി ഈശ. വിജ്ഞാനവും ജ്ഞാനവും ശാസ്‌ത്രവും ആത്മീയതയും തമ്മിലുള്ള സമന്വയം മനുഷ്യരാശിയുടെ മനസിൽ പുനഃസ്ഥാപിക്കാൻ ജീവിതം സമർപ്പിച്ച കർമ്മയോഗി. ജീവിതവും ഉപദേശങ്ങളും വഴി സ്വാമി ഈശ പ്രാചീനഭാരതത്തിന്റെ ഋഷിപാരമ്പര്യത്തെ മുന്നോട്ടു നയിക്കുകയും അതിന്റെ അതുല്യപ്രകാശം സമൂഹത്തിൽ പരത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ 71-ാം ജന്മദിനം ഒരു ആഘോഷാവസരം മാത്രമല്ല, സ്വാമിയുടെ ജീവിതസന്ദേശത്തെ ആഴത്തിൽ ധ്യാനിക്കുന്നതിനുള്ള അവസരം കൂടിയാണ്.

'തത് ത്വം അസി" എന്ന ഉപനിഷദ് സത്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും തത്ത്വചിന്തയുടെയും കാതൽ. ബാഹ്യലോകം, അതിന്റെ എല്ലാ രൂപങ്ങളും പ്രതിഭാസങ്ങളും ഉൾപ്പെടെ, ഒരു ആന്തരിക യാഥാർത്ഥ്യമാണെന്നും അതൊരു തുടർച്ചയായ ബോധപ്രവാഹമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. വിദ്യാഭ്യാസം സമ്പൂർണ ബോധത്തിനെന്ന (Education for Total Consciousness) ആശയവും ഗ്ളോബൽ എനർജി പാർലമെന്റ് എന്ന ആഗോള സംരംഭവും അവയുടെ അടിസ്ഥാനമായ ഐ- തിയറിയും അജ്ഞതയിൽ നിന്ന് ബോധത്തിലേക്കും വിഭജനത്തിൽനിന്ന് ഏകതയിലേക്കുമുള്ള മനുഷ്യവികാസത്തിന്റെ മാർഗരേഖകളാണ്. സ്വാമിയുടെ ദർശനത്താൽ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റും ഗ്ളോബൽ എനർജി പാർലമെന്റും ആഗോളതലത്തിൽ ബോധോദയത്തിന്റെ ജ്വാല തെളിച്ചിരിക്കുന്നു.

പുരാതന ഗുരുകുലങ്ങൾ അറിവിനെ ഉണർത്താൻ ശ്രമിച്ചെങ്കിൽ 'പൂർണ ബോധത്തിനായുള്ള വിദ്യാഭ്യാസം" എന്ന വിപ്ളവകരമായ ആശയത്തിലൂടെ സ്വാമി ഈശ ആ ശാശ്വത തത്വത്തിന് ആനുകാലിക പ്രസക്തി പകർന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, വിദ്യാഭ്യാസം വിവരങ്ങളുടെ ശേഖരണമല്ല, മറിച്ച് ബോധത്തിലേക്കുള്ള യാത്രയാണ്. യഥാർത്ഥ പഠനം, ഒരു വ്യക്തിയുടെ ശരീരം, മനസ്, ബുദ്ധി, അഹങ്കാരം, അജ്ഞതാബോധം എന്നീ തലങ്ങളെയും ഉണർത്തണമെന്ന് അദ്ദേഹം പറയുന്നു.

സ്വത്വത്തെക്കുറിച്ചുള്ള അജ്ഞതയോടെ ലോകത്തെക്കുറിച്ചുള്ള പഠനം ആധുനിക നാഗരികതയുടെ ഏറ്റവും വലിയ ദുരന്തമാണെന്ന് സ്വാമിജി പലപ്പോഴും നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ സമ്പൂർണ വിദ്യാഭ്യാസ മാതൃക ആരംഭിക്കുന്നത് അറിവിന്റെ ആദ്യ കവാടങ്ങളായ കേൾവി, കാഴ്ച, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. എന്നാൽ അത് അവിടെ അവസാനിക്കുന്നില്ല. ഓരോ ഇന്ദ്രിയാനുഭവവും യുക്തിയിലൂടെ ഉയർത്തപ്പെടുകയും,​ ബുദ്ധിയിലൂടെ ഏകീകരിക്കപ്പെടുകയും വേണം. മനസിലൂടെ ശുദ്ധീകരിക്കണം. ബോധത്തിലൂടെ പ്രകാശിതമാകണം. അതാണ് സ്വാമിയുടെ ദർശനം.

ആത്മീയ ഊർജ്ജം,​

ആഗോളവേദി

സ്വാമിജിയുടെ വിദ്യാഭ്യാസ ദർശനത്തെ നയിക്കുന്ന സമഗ്രമായ കാഴ്ചപ്പാടാണ് ഗ്ളോബൽ എനർജി പാർലമെന്റിനു (GEP) പ്രചോദനമായത്. ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ജി.ഇ.പി ഒരു ചർച്ചാവേദി മാത്രമല്ല- ലോകത്തിന്റെ സാമൂഹിക, ശാസ്‌ത്രീയ, രാഷ്ട്രീയ, ആത്മീയ ഊർജ്ജങ്ങളെ ഏകതയിൽ എത്തിക്കുന്ന പ്രബോധന പ്രസ്ഥാനമാണ്. ഈ മഹത്തായ ശ്രമത്തെ ഐക്യരാഷ്ട്രസഭ 'കൺസൾട്ടേറ്റീവ് സ്റ്റാറ്റസ്" നൽകി അംഗീകരിച്ചു. ശാസ്‌ത്രജ്ഞരും പണ്ഡിതരും നേതാക്കളും യുവജനങ്ങളും ഒന്നിച്ചുചേർന്ന് ലോകത്തിന്റെ ഊർജം ബോധപൂർവം ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ ഇവിടെ തേടുന്നു. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യപരിപാലനം, ഭരണ നയങ്ങൾ തുടങ്ങിയ മേഖലകളിൽ സ്വാമിയുടെ ദർശനം പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും സമ്മേളനങ്ങളും GEP മുഖേന നടന്നുവരുന്നു.

ഉണർവിന്റെ

തിളക്കം

'ആന്തരിക സമാധാനം കൈവരിക്കുമ്പോൾ, ബാഹ്യസമാധാനം സ്വാഭാവികമായും പിന്തുടരുന്നു​" എന്ന,​ സ്വാമിജിയുടെ വാക്കുകൾ യുദ്ധത്തിന്റെ വിപത്തിൽ നിന്ന് ഭാവിതലമുറകളെ രക്ഷിക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ തന്നെ ദൗത്യദർശനത്തെ പ്രതിദ്ധ്വനിപ്പിക്കുന്നു. വാർഷിക സമ്മേളനങ്ങളിലൂടെയും അന്താരാഷ്ട്ര ഇടപെടലുകളിലൂടെയും വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, മാനുഷിക മൂല്യങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള ആളുകളെ GEP ഒരുമിച്ചുകൊണ്ടുവന്നിട്ടുണ്ട്. ശുഭകരമായ ഈ 71-ാം ജന്മവാർഷികത്തിൽ, ലോകം സ്വാമി ഈശയെ ആദരവോടെ വണങ്ങുമ്പോൾ, അദ്ദേഹം ജ്വലിപ്പിച്ച പൂർണബോധത്തിന്റെ ജ്വാല മനസുകളെ പ്രകാശിപ്പിക്കുകയും മനുഷ്യരാശിയെ ഏകതയിലേക്ക് നയിക്കുകയും ചെയ്യട്ടെ.

(മൗറീഷ്യസ് മുൻ വിദ്യാഭ്യാസ മന്ത്രിയും ഗ്ളോബൽ റെയിൻബോ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റുമാണ് ലേഖകൻ)