സംസ്ഥാനത്തെ തുറമുഖ വികസനത്തിലേക്ക് വഴി തുറന്ന് സെമിനാർ: കേന്ദ്രീകൃത ചരക്ക് ഗതാഗതത്തിന് രൂപം നൽകുമെന്ന് മന്ത്രി

Thursday 30 October 2025 9:13 PM IST

അഴീക്കോട്: കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ചരക്ക് ഗതാഗതത്തിന് രൂപം നല്കുമെന്ന് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.'വിഷൻ 2031'ന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം വന്നാൽ 10 മുതൽ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജല മാർഗേണയാക്കാൻ സാധിക്കും. ഇത് വാഹന ബാഹുല്യം കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനത്തിന്റെ അളവിൽ കുറവ് വരുത്താനും ചരക്കുകൾ സമയത്ത് എത്തിക്കാനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിലവിൽ 554 കപ്പലുകൾ എത്തി. 12,500 ൽ പരം ഇരുപത് അടി തുല്യ യൂണിറ്റ് (ടി.ഇ.യു) കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം മാറിയെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപുമായുള്ള ചരക്ക് യാത്ര ഗതാഗതം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകൾ ആരംഭിക്കാനുള്ള സാദ്ധ്യത യാഥാർഥ്യമാക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പെടെ എങ്ങനെ വളർത്തിയെടുക്കാം എന്നതിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനുള്ള സാഹചര്യമാണ് സെമിനാർ വഴിയൊരുക്കുന്നത്. സമുദ്രാധിഷ്ഠിത വ്യവസായങ്ങൾക്ക് അഴീക്കലിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ദീർഘവീക്ഷണത്തോടെ അഴീക്കൽ തുറമുഖം സെമിനാറിനുള്ള വേദിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

'വിഷൻ 2031' തുറമുഖ വകുപ്പിന്റെ നയരേഖ സമർപ്പണവും മന്ത്രി വാസവൻ നിർവഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി (റിട്ട.) ജെയിംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി.അബ്ദുൾ നാസർ വിഷയാവതരണം നടത്തി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, മുൻ എം.എൽ.എയും കേരളാ മാരിടൈം ബോർഡ് അംഗവുമായ എം.പ്രകാശൻ, എന്നിവർ സംസാരിച്ചു.