മദ്യപാനം തടഞ്ഞതിന് കൊലപാതകം : പ്രതിക്ക് ജീവപര്യന്തവും 20വർഷം അധിക തടവും
തിരുവനന്തപുരം: ശ്രീവരാഹം ക്ഷേത്രക്കുളത്തിനു സമീപം മദ്യപാനം നടത്തിയത് തടഞ്ഞതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിനതടവും 20 വർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.ശ്രീകണ്ഠേശ്വരം പുന്നപുരം ശ്യാമ നിവാസിൽ ശ്യാമിനെ (മണിക്കുട്ടൻ) കൊലപ്പെടുത്തിയ കേസിലാണ്, പ്രതി പാപ്പനംകോട് സി.എസ്.ഐ.ആറിന് സമീപം ചവിണിച്ചിവിള കൃപഭവനിൽ അർജുനന് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കണം.പിഴത്തുക ശ്യാമിന്റെ മാതാവ് ശശികലയ്ക്ക് നൽകണം.ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി വി.അനസിന്റേതാണ് ഉത്തരവ്.
അർജുൻ (ചന്തു) ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. ഇയാൾക്കെതിരെ തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. കൊല്ലപ്പെട്ട ശ്യാമിന്റെ സുഹൃത്തുക്കളും ശ്രീവരാഹം സ്വദേശികളുമായ ഉണ്ണിക്കണ്ണൻ,ചിക്കു എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് 20 വർഷം അധിക കഠിനതടവ്. 20 വർഷം ശിക്ഷ കഴിഞ്ഞിട്ടാവും പ്രതിയുടെ ജീവപര്യന്തം കഠിനതടവ് ആരംഭിക്കുക. പ്രതിയുടെ സുഹൃത്തുക്കളും കേസിലെ രണ്ടും മൂന്നും പ്രതികളുമായ ശ്രീവരാഹം അരശുംമൂട് ക്ഷേത്രത്തിന് സമീപം താമസക്കാരായ രഞ്ജിത്ത്, മനോജ് കൃഷ്ണൻ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2019 മാർച്ച് 19നായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീവരാഹം ക്ഷേത്രക്കുളത്തിനു സമീപമുളള ഒഴിഞ്ഞ സ്ഥലത്ത് പ്രതികൾ സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ശ്യാമും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്യുകയും പറഞ്ഞ് വിലക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് അർജ്ജുൻ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് മൂവരെയും കുത്തിയത്. ശ്യാം സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഉണ്ണിക്കണ്ണനും ചിക്കുവിനും ഗുരുതരമായി പരിക്കേറ്റു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.