കാമുകിയെ കാണാൻ പോയത് എഫ്ബിഐയുടെ ജെറ്റ് വിമാനത്തിൽ, ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി

Thursday 30 October 2025 9:18 PM IST

വാഷിംഗ്ടൺ: കാമുകിയുടെ സംഗീത പരിപാടി കാണാൻ എഫ്ബിഐ ഡയറക്ടർ പോയത് എഫ്ബിഐയുടെ ജെറ്റ് വിമാനത്തിൽ. ഇന്ത്യൻ വംശജനായ കാഷ് പട്ടേലാണ് യുഎസ് സർക്കാരിന്റെ ജെറ്റ് വിമാനം ഉപയോഗിച്ചതിന് വിവാദത്തിലായത്. നാഷ്‌വില്ലയിൽ നടന്ന പരിപാടിക്കായാണ് 45-കാരനായ കാഷ് പട്ടേൽ സർക്കാർ വിമാനത്തിൽ പോയത്.

മുൻ എഫ്ബിഐ ഏജന്റായ കൈൽ സെറാഫിനാണ് ഒരു പോഡ്കാസ്റ്റിലൂടെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാഷ് പട്ടേലിന്റെ കാമുകിയുടെ സംഗീത പരിപാടി കാണാൻ 60 മില്യൺ ഡോളർ (ഏകദേശം 532 കോടി രൂപ) വിലയുള്ള ജെറ്റിലാണ് കാഷ് പട്ടേൽ പോയതെന്നാണ് കൈൽ ആരോപിക്കുന്നത്. ഒക്ടോബർ 25ന് എഫ്ബിഐയുടെ ജെറ്റ് വിമാനം പുറപ്പെട്ട് ഏകദേശം 40 മിനിറ്റിനുശേഷം പെന്‍സിൽവാനിയയിലെ സ്റ്റേറ്റ് കോളേജിലെ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനാണ് (എഫ്എഎ) എഫ്ബിഐയുടെ ദേശീയ ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന സർക്കാർ വിമാനമാണെന്ന് കണ്ടെത്തിയത്. എന്നാൽ കാഷ് പട്ടേൽ വിമാനത്തിൽ ഉണ്ടായിരുന്നോയെന്നതിൽ വ്യക്തത വന്നിട്ടില്ല. അന്നേ ദിവസം കാഷ് പട്ടേൽ കാമുകിയോടൊപ്പം പരിപാടിയിൽ നിൽകുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സുരക്ഷാകാരണങ്ങളാൽ എഫ്ബിഐ ഡയറക്ടർക്ക് ഔദ്യോഗിക വിമാനം ഉപയോഗിക്കാം. വ്യക്തിഗത ആവശ്യങ്ങൾക്കാണ് യാത്രയെങ്കിൽ ചെലവ് വാണിജ്യ നിരക്കിൽ തിരികെ നൽകണമെന്നാണ് എഫ്ബിഐ ചട്ടം. കാഷ് പട്ടേൽ മുമ്പും സ്വകാര്യ യാത്രകൾക്കായി സർക്കാർ ജെറ്റ് അമിതമായി ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.