1.3 കോടിയുടെ സൈബർ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

Friday 31 October 2025 1:38 AM IST

കൊച്ചി: കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 1.3 കോടി രൂപ തട്ടിയെടുത്ത യുവാവിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ പുത്തൻകാവ് പള്ളിപ്പടിനാരാത്തിൽ വീട്ടിൽ അജു തോമസാണ് (22) പിടിയിലായത്. സഹാറ കാഷ്യൂസ് എന്ന കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയത്. ഇയാൾ അയച്ചുകൊടുത്ത ലിങ്ക് വഴി ടെലഗ്രാമിൽ ട്രേഡിംഗ് അക്കൗണ്ട് തുടങ്ങിയ എറണാകുളം രവിപുരം സ്വദേശിക്കാണ് 1.3 കോടി രൂപ നഷ്ടപ്പെട്ടത്. ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി അജു തോമസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലാരിവട്ടത്തെ ഒരു സ്ഥാപനത്തിൽ ഹാക്കിംഗ് പഠിക്കുന്നതിനിടെയാണ് പാലക്കാട്, ഇടുക്കി സ്വദേശികളുമായി ചേർന്ന് വ്യാജകമ്പനി രൂപീകരിച്ചത്. കോഴിക്കോട് സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇതേപ്പറ്റിയും പൊലീസ് അന്വേഷണം തുടങ്ങി. സൗത്ത് എസ്.എച്ച്.ഒ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.