വീടുകയറി ആക്രമണം ; അഞ്ചംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
Friday 31 October 2025 1:29 AM IST
നെടുമങ്ങാട് : അമ്മയെയും മകനെയും വീടുകയറി ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞ അയൽവാസിയായ യുവാവിനെ സംഘംചേർന്നു പട്ടിയലുകൊണ്ട് കൈ അടിച്ചൊടിച്ച കേസിൽ രണ്ടു പേരെ വലിയമല പൊലീസ് അറസ്റ്റു ചെയ്തു. ഉഴമലയ്ക്കൽ പുതുക്കുളങ്ങര കന്യാരുപാറ ആനൂർക്കോണം നിരപ്പിൽ വീട്ടിൽ ആരോമൽ (28), കന്യാരുപാറ ആനൂർക്കോണം കോട്ടയ്ക്കകം വീട്ടിൽ കിരൺ (33) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 21 ന് രാത്രി പുതുക്കുളങ്ങര പൊങ്ങല്ലി പാലത്തിന് സമീപമാണ് ആക്രമണം.പൊങ്ങല്ലി ഷിയാസ് മൻസിലിൽ മുഹമ്മദ് ഷിയാസിനാണ് പരിക്കേറ്റത്. ഷിയാസിന്റെ അയൽപക്കത്തുള്ള അഭിനന്ദിന്റെ വീട്ടിലെത്തി ബഹളം കൂട്ടിയ അഞ്ചംഗ സംഘം അഭിനന്ദിനെയും മാതാവിനെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ ഷിയാസിനെ വളഞ്ഞിട്ട് ആക്രമിച്ചത്.സംഭവത്തിൽ മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.