അമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഞെട്ടൽ മാറാതെ പകലൂർ
വിഴിഞ്ഞം: അമ്മയെ മകൻ അതിക്രൂരമായി വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കല്ലിയൂരിലെ പകലൂർ. ബുധനാഴ്ച രാത്രി വിജയകുമാരിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്ത് കടക്കാനായില്ല. ഒരാൾ ഗേറ്റിന് മുകളിലൂടെ അകത്തുകയറാൻ ശ്രമിച്ചപ്പോൾ പ്രതി മദ്യക്കുപ്പിയെറിഞ്ഞും, കത്തി കാട്ടിയും ഭീഷണിപ്പെടുത്തി.
അപ്പോഴേക്കും അതിക്രൂരമായി മകൻ അമ്മയെ കൊലപ്പെടുത്തിയിരുന്നു. ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.കോസ്റ്റ് ഗാർഡിൽ നിന്ന് വിരമിച്ച അജയകുമാറിന് മിലിട്ടറി ക്വാട്ടയിൽ 10ഓളം മദ്യക്കുപ്പികൾ ലഭിച്ചിരുന്നു.അജയകുമാറിന്റെ അമിത മദ്യപാനംമൂലം ഭാര്യയും മകളും ശ്രീകാര്യത്തെ വീട്ടിലാണ് താമസിക്കുന്നത്.സംഭവദിവസം ഭാര്യ വീട്ടിലെത്തി 5 മദ്യക്കുപ്പികൾ മാറ്റിയിരുന്നു. അവശേഷിച്ചവയിൽ നിന്ന് കുടിക്കുന്നതിനിടെ ഒന്ന് തറയിൽ വീണുപൊട്ടി.രണ്ടാമത്തെ കുപ്പിയെടുത്തപ്പോൾ വിജയകുമാരി വഴക്കുപറഞ്ഞു. ഇതിന്റെ വിരോധത്തിൽ അജയകുമാർ ആപ്പിൾ അരിഞ്ഞുകൊണ്ടിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഭയന്ന് പുറത്തേക്ക് ഓടിയ അമ്മ കാർ ഷെഡിന് സമീപത്ത് വീണതോടെ, കിണറ്റിനോടു ചേർത്തുനിറുത്തി അജയകുമാർ ഇരുകാലുകളിലെയും കൈകളിലെയും ഞരമ്പുകൾ അറുത്തു. വേദനയിൽ പുളഞ്ഞ് നിലവിളിച്ചതോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പായതോടെ മദ്യം അമ്മയുടെ ശരീരത്തിലേക്കൊഴിച്ച് തീ കൊളുത്തിയെങ്കിലും കത്തിയില്ല.